ചിയാന് പിറന്നാൾ, ‘അധീര’ സോങ്ങുമായി കോബ്ര ടീം; ഗാനത്തിന്‍റെ ടീസര്‍ പുറത്ത്…
ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രമാണ് ‘കോബ്ര’. ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് വിക്രമിന്റെ പിറന്നാൾ പ്രമാണിച്ചു പുറത്തുവിട്ടിരിക്കുക ആണ് കോബ്ര ടീം. ചിത്രത്തിലെ ഒരു ഗാനം ഉടൻ റിലീസ് ചെയ്യും എന്നാണ് ടീം അറിയിച്ചിരിക്കുന്നത്.
സെക്കന്റ് സിംഗിൾ ആയ ‘അധീര’ എന്ന ഗാനം ആണ് റിലീസിന് ഒരുങ്ങുന്നത്. ഇതിന്റെ ടീസർ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. സോണി മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ ഗാനത്തിന്റെ ടീസര്‍ എത്തി. ടീസർ കാണാം:
‘അധീര’ ഉൾപ്പെടെ കോബ്രയിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയത് എആർ റഹ്മാൻ ആണ്. ഈ ഗാനം ഏപ്രിൽ 22ന് റിലീസ് ചെയ്യും എന്നാണ് കോബ്ര ടീം അറിയിച്ചിരിക്കുന്നത്. ഗാനത്തിന്‍റെ 21 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ആണ് ഇപ്പോള്‍ എത്തിയിരികുന്നത്. ചിത്രത്തിലെ ആദ്യ സിംഗിൾ ആയ ‘തുമ്പി തുള്ളൽ’ മുൻപ് പുറത്തുവന്നിരുന്നു. ഇത് പുറത്തിറങ്ങി 2 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഗാനം എത്തുന്നത്.
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് ഡസ് ലളിത് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിലൂടെ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ അഭിനേതാവ് ആയി അരങ്ങേറ്റം നടത്തുന്നുണ്ട്. കെജിഎഫ് നായിക ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിലെ നായിക. മലയാളത്തിൽ നിന്ന് റോഷൻ മാത്യു, മിയ ജോർജ്ജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം മെയ് 26ന് റിലീസ് ചെയ്യും.