in

പിറന്നാൾ ദിനത്തിൽ വിശാലിന് വിവാഹനിശ്ചയം; സായ് ധൻസികയുമായി മോതിരം മാറി

പിറന്നാൾ ദിനത്തിൽ വിശാലിന് വിവാഹനിശ്ചയം; സായ് ധൻസികയുമായി മോതിരം മാറി

തമിഴകത്തിന്റെ ആക്ഷൻ ഹീറോ വിശാലിന്റെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം കൂടി. വിശാലിന്റെ 47-ാം പിറന്നാൾ ദിനമായ ഇന്ന് (ഓഗസ്റ്റ് 29) നടി സായ് ധൻസികയുമായുള്ള അദ്ദേഹത്തിന്റെ വിവാഹനിശ്ചയം നടന്നു. ചെന്നൈയിലെ അണ്ണാ നഗറിലുള്ള വിശാലിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സഹിതം വിശാൽ തന്നെയാണ് ഈ സന്തോഷവാർത്ത എക്സ് പ്ലാറ്റ്‌ഫോമിലൂടെ ആരാധകരെ അറിയിച്ചത്. “എന്റെ ഈ പ്രത്യേക പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. ഇന്ന് എന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സായ് ധൻസികയുമായുള്ള വിവാഹനിശ്ചയം നടന്ന വിവരം സന്തോഷപൂർവ്വം പങ്കുവെക്കുന്നു. നിങ്ങളുടെയെല്ലാം പ്രാർത്ഥനയും അനുഗ്രഹവും തുടർന്നും വേണം,” വിശാൽ കുറിച്ചു.

ഏകദേശം 15 വർഷമായി അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും 2025 മെയിൽ നടന്ന ധൻസികയുടെ ‘യോഗി ഡാ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് തങ്ങളുടെ പ്രണയം ആദ്യമായി വെളിപ്പെടുത്തിയത്. തനിക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായി നിന്ന വ്യക്തിയാണ് വിശാൽ എന്ന് ധൻസിക അന്ന് വേദിയിൽ പറഞ്ഞിരുന്നു. ദൈവം ഏറ്റവും മികച്ചത് അവസാനത്തേക്ക് കാത്തുവെക്കുമെന്ന് പറയാറുണ്ടെന്നും, തനിക്കായി കാത്തുവെച്ചത് ധൻസികയെ ആണെന്നുമായിരുന്നു വിശാലിന്റെ പ്രതികരണം.

യഥാർത്ഥത്തിൽ പിറന്നാൾ ദിനത്തിൽ വിവാഹിതരാകാനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. എന്നാൽ, നടികർ സംഘത്തിന്റെ (സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ) കെട്ടിട നിർമ്മാണം പൂർത്തിയാക്കാനുള്ള വിശാലിന്റെ ചുമതലകൾ കാരണം വിവാഹം മാറ്റിവെക്കുകയായിരുന്നു. വിവാഹശേഷം ധൻസിക അഭിനയരംഗത്ത് തുടരുമെന്നും വിശാൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വിവാഹ തീയതി ഇരുവരും ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

ചലച്ചിത്ര നിർമ്മാതാവ് ജി.കെ. റെഡ്ഡിയുടെ മകനായ വിശാൽ, 2004-ൽ ‘ചെല്ലമേ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് നിരവധി ആക്ഷൻ ചിത്രങ്ങളിലൂടെ തമിഴകത്ത് തന്റേതായ ഇടം നേടി. 2016-ൽ പുറത്തിറങ്ങിയ രജനീകാന്തിന്റെ ‘കബാലി’ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചതോടെയാണ് സായ് ധൻസിക തെന്നിന്ത്യയിൽ വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നത്. 2006-ലാണ് ധൻസിക തന്റെ സിനിമാജീവിതം ആരംഭിച്ചത്.

‘ലോക’ സിനിമാറ്റിക് യൂണിവേഴ്സിന് മികച്ച തുടക്കം; ആദ്യ ദിനം 130+ അധിക ഷോകള്‍

കിലോമീറ്ററുകൾ സൈക്കിളിൽ, ലക്ഷ്യം ചിരഞ്ജീവി; ആരാധികയുടെ യാത്ര സഫലമായി, കുടുംബത്തിന് തണലായി മെഗാസ്റ്റാർ