‘ആടുജീവിത’ത്തിന് അതിഗംഭീര സ്വീകരണം; റിലീസ് ദിനത്തിൽ നേടിയത് 16.7 കോടി…

വർഷങ്ങളുടെ പ്രയത്നത്തിന് ഒടുവിൽ ബ്ലെസി – പൃഥ്വിരാജ് ചിത്രം ആടുജീവിതം കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ലോകമെമ്പാടും 1724 സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ആണ് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരേപോലെ ലഭിച്ചത്. ചിത്രത്തിന് ലഭിച്ച മികച്ച അഭിപ്രായങ്ങൾ ബോക്സ് ഓഫീസ് കളക്ഷനിലും പ്രതിഫലിച്ചിരിക്കുകയാണ്. 16.7 കോടി കളക്ഷൻ ആണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ആദ്യ ദിവസം സ്വന്തമാക്കിയത്.
ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയത് 8.78 കോടി രൂപ ആണ്. മോഹൻലാൽ ചിത്രം ഒടിയൻ നേടിയ 9.78 കോടി കളക്ഷന് ശേഷം ഒരു മലയാള ചിത്രം ആദ്യ ദിനത്തിൽ നേടുന്ന ഉയർന്ന കളക്ഷൻ ആണ് ഇത്. കേരള ബോക്സ് ഓഫീസിൽ നിന്ന് ആടുജീവിതത്തിന് ലഭിച്ചത് 5.83 കോടി രൂപ ആണ്. കർണാടകയിൽ നിന്ന് 1.2 കോടിയും തമിഴ് നാട്ടിൽ നിന്ന് 1 കോടിയും ചിത്രത്തിന് നേടാനായി. റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ 0.75 കോടി ആണ്. 8 കോടിയോളം ആണ് ചിത്രത്തിൻ്റെ ഓവർസീസ് കളക്ഷൻ.
മലയാളത്തെ സംബന്ധിച്ച് 5 ഓവർസീസ് ടെറിറ്ററികളിൽ ചിത്രത്തിന് ആദ്യ ദിനത്തിൽ റെക്കോർഡ് കളക്ഷൻ ആണ് ലഭിച്ചത്. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുകെ, അയർലൻഡ്, നോർത്ത് അമേരിക്ക എന്നിവടങ്ങളിൽ ആണ് റെക്കോർഡ് കളക്ഷൻ. അതേ പോലെ തമിഴ് നാട്, കർണാടക സംസ്ഥാനങ്ങളിലും ആദ്യ ദിനത്തിൽ റെക്കോർഡ് കളക്ഷൻ ആണ് നേടിയിരിക്കുന്നത്. ആദ്യമായി റിലീസ് ദിനത്തിൽ കർണാടക ബോക്സ് ഓഫീസിൽ നിന്ന് ഒരു മലയാളം ചിത്രത്തിന് 1 കോടി കളക്ഷനിൽ കൂടുതൽ നേടാനും കഴിഞ്ഞു. 1.2 കോടി ആണ് കളക്ഷൻ.
Content Summary: Aadujeevitham First Day Collection Report