മൂന്നാം വരവിന് ഷാജി പാപ്പനും കൂട്ടരും തയ്യാറായി; ‘ആട് 3’ ഔദ്യോഗിക പ്രഖ്യാപനമെത്തി….

സൂപ്പർ ഹിറ്റ് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് 2015ൽ റിലീസ് ചെയ്ത ‘ആട്’. ജയസൂര്യയെ നായകനാക്കി ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിച്ച ഈ ചിത്രം തീയേറ്ററുകളിൽ വിജയം നേടിയില്ല എങ്കിലും, ശേഷം മിനി സ്ക്രീനിലും സോഷ്യൽ മീഡിയയിലും വലിയ ട്രെൻഡ് സൃഷ്ടിച്ചിരുന്നു. ഇതിലെ ഷാജി പാപ്പൻ എന്ന ജയസൂര്യ കഥാപാത്രം വൻ ആരാധകവൃന്ദത്തെ ആണ് സൃഷ്ടിച്ചത്. ഇതിനെ തുടർന്ന് 2017 ൽ ഇതിന്റെ രണ്ടാം ഭാഗമായി ആട് 2 പ്രേക്ഷകർക്ക് മുന്നിലെത്തി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്.
ഇപ്പോഴിതാ ഈ സീരിസിലെ മൂന്നാം ചിത്രത്തിന്റെ പ്രഖ്യാപനം ഔദ്യോഗികമായി നടന്നിരിക്കുകയാണ്. ഈ സീരീസിലെ ഏറ്റവും വലിയ ചിത്രമായാണ് ആട് 3 ഒരുങ്ങുക. മൂന്നാം ഭാഗത്തിന്റെ ആശയം, സ്റ്റോറി എന്നിവ ലോക്ക് ആയെന്നും, ഷാജി പാപ്പൻ മുതൽ ശശി ആശാൻ വരെയുള്ള കഥാപാത്രങ്ങൾ തിരികെ വരുന്നു എന്നുമാണ് വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചത്. റൈഡിങ് സൂൺ എന്ന കാപ്ഷൻ നല്കിയ ഒരു ഒഫീഷ്യൽ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ചിത്രീകരണം ഈ വർഷം തന്നെ ഉണ്ടായേക്കാമെന്ന സൂചനയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവായ വിജയ് ബാബു, ഈ സീരിസിൽ ഷർബത് ഷമീർ എന്ന സൂപ്പർ ഹിറ്റ് പോലീസ് കഥാപാത്രത്തിന് ജീവൻ നൽകി താരനിരയിലും സാന്നിധ്യം അറിയിച്ചിരുന്നു.
ജയസൂര്യ, വിജയ് ബാബു എന്നിവരെ കൂടാതെ വിനായകൻ, ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, ഭഗത് മാനുവൽ, ഇന്ദ്രൻസ്, സുധി കോപ്പ, ഹരികൃഷ്ണൻ തുടങ്ങി ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മൂന്നാം ഭാഗത്തിന്റെ താരനിരയെ കുറിച്ചും അണിയറ പ്രവർത്തകരെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. അത് മാത്രമല്ല, ആട് 3 ത്രീഡിയിൽ ഒരുക്കാനുള്ള പ്ലാനുണ്ടെന്നും നിർമ്മാതാവ് വിജയ് ബാബു കുറച്ചു നാൾ മുൻപ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.