in

ദുൽഖർ സൽമാന്റെ ദീർഘവീക്ഷണത്തിന് കയ്യടി, പുതിയ ചരിത്രമെഴുതി ‘ലോക’

ദുൽഖർ സൽമാന്റെ ദീർഘവീക്ഷണത്തിന് കയ്യടി, പുതിയ ചരിത്രമെഴുതി ‘ലോക’

നടൻ എന്ന നിലയിൽ മാത്രമല്ല, നിർമ്മാതാവ് എന്ന നിലയിലും ദീർഘവീക്ഷണത്തോടെ സിനിമയെ സമീപിക്കുന്ന വ്യക്തിയാണ് താനെന്ന് വീണ്ടും തെളിയിക്കുകയാണ് ദുൽഖർ സൽമാൻ. അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ വേഫേറർ ഫിലിംസിന്റെ ഏഴാമത്തെ സംരംഭമായ “ലോക: ചാപ്റ്റർ വൺ ചന്ദ്ര” എന്ന ചിത്രം, മലയാള സിനിമയിൽ പുതിയൊരു ചരിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ലോകോത്തര നിലവാരത്തിലുള്ള നിർമ്മാണ മികവും, ശക്തമായ സ്ത്രീപക്ഷ ആഖ്യാനവും കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചയാവുകയാണ്.

ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗം എന്ന നിലയിൽ ഒരുങ്ങിയ ചിത്രത്തിന് ലഭിക്കുന്ന ഗംഭീര പ്രേക്ഷക പ്രതികരണം, ദുൽഖർ എന്ന നിർമ്മാതാവ് എടുത്ത ധീരമായ തീരുമാനത്തിനുള്ള അംഗീകാരമാണ്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര വലിയ ക്യാൻവാസിൽ, ഒരു സ്ത്രീ കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു ചിത്രം നിർമ്മിക്കാൻ കാണിച്ച ധൈര്യമാണ് ‘ലോക’യെ വ്യത്യസ്തമാക്കുന്നത്. ഒരു നടൻ എന്നതിലുപരി, മലയാള സിനിമയുടെ വളർച്ചയ്ക്ക് ദുൽഖർ നൽകുന്ന സംഭാവനയായി ഈ ചിത്രം എന്നും ഓർമ്മിക്കപ്പെടും.

സംവിധായകനും രചയിതാവുമായ ഡൊമിനിക് അരുണിന്റെ മികവാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു പുതിയ ലോകം തന്നെ അദ്ദേഹം സ്ക്രീനിൽ ഒരുക്കി. നിമിഷ് രവിയുടെ ഛായാഗ്രഹണം ഓരോ ഫ്രെയിമിലും ലോകോത്തര നിലവാരം പുലർത്തിയപ്പോൾ, ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിലൂടെ ജേക്സ് ബിജോയ് പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിച്ചു. പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ സെറ്റുകൾ സിനിമയുടെ കഥ നടക്കുന്ന ലോകത്തെ തന്മയത്വത്തോടെ പ്രേക്ഷകരിലേക്ക് എത്തിച്ചു. ചമൻ ചാക്കോയുടെ എഡിറ്റിംഗും യാനിക് ബെന്നിന്റെ ആക്ഷൻ രംഗങ്ങളും ചിത്രത്തിന് കൂടുതൽ മിഴിവേകി.

ടൈറ്റിൽ റോളിൽ എത്തിയ കല്യാണി പ്രിയദർശന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. കല്യാണിക്കൊപ്പം നസ്‌ലൻ, സാൻഡി, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, വിജയ രാഘവൻ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചു. കേരളത്തിനകത്തും പുറത്തും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന ചിത്രം, ഒരു സിനിമാറ്റിക് യൂണിവേഴ്സിന്റെ തുടക്കമെന്ന നിലയിൽ ശക്തമായ അടിത്തറ പാകിയിരിക്കുകയാണ്. ‘ലോക’യിലൂടെ വേഫേറർ ഫിലിംസ് മലയാള സിനിമയുടെ വളർച്ചയിൽ നിർണായകമായ ഒരു നാഴികക്കല്ല് സ്ഥാപിച്ചിരിക്കുന്നു.

ആദ്യ ദിനം ‘ഹൃദയപൂർവ്വം’ 8.42 കോടി, ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’യ്ക്ക് 6.66 കോടി; കളക്ഷൻ റിപ്പോർട്ട് പുറത്ത്

‘ലോക’ തീർത്ത തരംഗം; നാലാം ദിനം ഷോകൾ രാവിലെ 6 മണി മുതൽ