in ,

പ്രേക്ഷകരുടെ മനം കവർന്ന മോൺസ്റ്ററിലെ ബാല താരത്തെ കുറിച്ച് മോഹൻലാലിനും പറയാനുണ്ട്…

പ്രേക്ഷകരുടെ മനം കവർന്ന മോൺസ്റ്ററിലെ ബാല താരത്തെ കുറിച്ച് മോഹൻലാലിനും പറയാനുണ്ട്…

‘പുലിമുരുകൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ – വൈശാഖ് – ഉദയകൃഷ്ണ ടീം ഒന്നിക്കുന്ന മോൺസ്റ്റർ നാളെ തിയേറ്ററുകളിൽ എത്തുക ആണ്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിടാതെ സസ്പെൻസുകൾ നിലനിർത്തുക ആണ് അണിയറപ്രവർത്തകർ. പ്രോമോ വീഡിയോകൾ ആയി എത്തിയ ട്രെയിലറും വീഡിയോ ഗാനവും ചിത്രത്തിന്‍റെ ഉള്ളടക്കത്തെ കുറിച്ച് കാര്യമായ സൂചനകള്‍ ഒന്നും തന്നെ തന്നില്ല. ട്രെയിലറിന് പിന്നാലെ എത്തിയ വീഡിയോ ഗാനമാകട്ടെ പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ഈ ഗാന രംഗത്തില്‍ മോഹൻലാലിന് ഒപ്പം കുസൃതിയോടെ ചുവട് വെച്ച ബാല താരം ജെസ് സ്വീജൻ പ്രേക്ഷകരുടെ മനം കവർന്നിരുന്നു. ഈ കുസൃതി താരത്തെ കുറിച്ച് സംസാരിക്കുക ആണ് മോഹൻലാൽ.

സിനിമയിൽ വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആരുടേത് ആണ് എന്ന ചോദ്യത്തിനുള്ള പ്രതികരണമായി ആണ് മോൺസ്റ്ററിലെ കുട്ടിതാരത്തെ കുറിച്ച് മോഹൻലാൽ സംസാരിച്ചത്. മോഹൻലാലിന്റെ മറുപടി ഇങ്ങനെ: “പെട്ടെന്ന് ചോദിച്ചാൽ എന്റെ കഥാപാത്രം എന്ന് ഞാൻ പറയും. എന്നാൽ ആ സിനിമാ ഷൂട്ട് ചെയ്‌തൊണ്ട് ഇരുന്നപ്പോൾ അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അല്ലെങ്കിൽ ഏറ്റവും രസകരമായി ഞങ്ങൾ ഷൂട്ട് ചെയ്തത് ആ കൊച്ച് കുട്ടിയുമായിട്ട് ആണ്. ആ കഥാപാത്രം സിനിമയിൽ കുറച്ചേ ഉള്ളൂ എങ്കിലും അത് വളരെ രസകരമായിട്ട് ആണ് ആ കുട്ടി അത് ചെയ്തിരിക്കുന്നത്. ആ സിനിമയിലെ ഒരു റിലീഫ് ആയിരിക്കാം ഞങ്ങൾ തമ്മിലുള്ള ആ സോങ്ങും കാര്യങ്ങളും ഒക്കെ. ആ കുട്ടി സിനിമയിലെ ഇമ്പോർട്ടന്റ്‌ ക്യാരക്ടർ ആണ്.”

കൊച്ചി സ്വദേശി ആയ ആറര വയസുകാരി ജെസ് സ്വീജൻ ആണ് മോൺസ്റ്ററിലെ കുഞ്ഞു താരമായി എത്തിയത്. വൈശാഖിന്റെ മുൻ ചിത്രമായ നൈറ്റ് ഡ്രൈവിലും താരം അഭിനയിച്ചിരുന്നു. ഇതിനോടകം ഒൻപതോളം ചിത്രങ്ങളിൽ ഈ കുഞ്ഞു താരം വേഷമിട്ടു. അന്വേഷണം, തൃശൂർ പൂരം എന്നീ ചിത്രങ്ങളിൽ ജയസൂര്യയുടെ മകളുടെ വേഷത്തിൽ ജെസ് എത്തിയിരുന്നു. അടുത്തയിടെ ഹിറ്റ് ആയ ബേസിൽ ജോസഫ് ചിത്രം പാൽത്തു ജാൻവറുടെ പ്രോമോ സോങ്ങിലും ജെസ് തിളങ്ങിയിരുന്നു. മോൺസ്റ്റർ കൂടാതെ ജെസ് വാലാട്ടി, പാച്ചുവും അത്ഭുതവിളക്കും, മധുരം ജീവമൃതബിന്ദു എന്നീ ചിത്രങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉള്ളൊഴുക്ക് എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷനിൽ ആണ്. നിരവധി ടിവി കൊമേഴ്‌സ്യൽസിലും ഈ ആറര വയസുകാരി അഭിനയിച്ചു കഴിഞ്ഞു. മോൺസ്റ്ററിൽ മോഹൻലാലിന് ഒപ്പം കുസൃതിയോടെ ജെസ് ചുവടുവെച്ച ഗാനം ഇപ്പോളും ട്രെൻഡിംഗിൽ ആണ്.

ടൈം ട്രാവൽ ചിത്രം ‘കണം’ മലയാളത്തിലും; ഒടിടിയിൽ ചിത്രം എത്തി…

നാളെ ബോക്സ് ഓഫീസിൽ വമ്പൻ ക്ലാഷ്; സാക്ഷി ആവാൻ മലയാളവും തമിഴകവും…