കാർത്തിയ്ക്ക് ശങ്കറിന്റെ മകൾ നായിക; ആക്ഷനും റൊമാൻസുമായി ‘വിരുമൻ’ ട്രെയിലർ…
നടൻ സൂര്യയുടെ പ്രൊഡക്ഷൻ ഹൗസ് ആയ 2ഡി എന്റർടൈന്മെന്റ്സ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘വിരുമൻ’. സൂര്യയുടെ സഹോദരൻ കാര്‍ത്തി നായകന് ആകുന്ന ഈ ചിത്രത്തിന് മുത്തയ്യ ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ശങ്കറിന്റെ ഇളയ മകളായ അതിഥി ശങ്കറാണ് ചിത്രത്തിലെ നായിക. കാർത്തിയുടെ നായികയായി എത്തുന്ന അതിഥിയുടെ അരങ്ങേറ്റ ചിത്രമാണ് ഇത്.
വിരുമന്റെ ട്രെയിലർ ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. കൊമ്പൻ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ മുത്തയ്യയുമായി രണ്ടാമത് കാർത്തി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെ ആണ് ഈ ചിത്രം എത്തുന്നത്. ട്രെയിലറിൽ കാർത്തിയുടെ ആക്ഷനും റൊമാൻസും ആണ് ഹൈലൈറ്റ് ആകുന്നത്. നായിക അതിഥിയും ട്രെയിലറിൽ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്. ട്രെയിലർ:
കാർത്തിയേയും അതിഥിയേയും കൂടാതെ പ്രകാശ് രാജ്, രാജ് കിരൺ, സൂരി, കരുണാസ്, ശരണ്യ പൊൻവർണൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. യുവ ശങ്കർ രാജ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആക്ഷന്‍ വളരെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ അനൽ അരസ് ആണ്. സെൽവകുമാർ എസ് കെ ഛായാഗ്രഹണം നിർവഹിച്ചത്. വെങ്കട്രാജൻ ആണ് എഡിറ്റർ. കലാ സംവിധാനം നിർവഹിച്ചത് ജാക്കി ആണ്.