ത്രീഡി വിസ്മയ കാഴ്ചയൊരുക്കി കിച്ച സുദീപിന്റെ ‘വിക്രാന്ത് റോണ’; റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ

കെജിഎഫിന് ശേഷം കന്നഡ സിനിമാ ലോകത്ത് നിന്ന് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി റിലീസിന് ഒരുങ്ങുക ആണ്. ത്രീഡി വിസ്മയ കാഴ്ച ഒരുക്കി റിലീസിന് തയ്യാറാകുന്ന ചിത്രം കിച്ച സുദീപിന്റെ ‘വിക്രാന്ത് റോണ’ ആണ്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു.
ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങൾ വിവിധ ഭാഷകളിൽ ചിത്രത്തിന്റെ ടീസറുകൾ പുറത്തിറക്കിയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. മലയാളത്തിൽ സൂപ്പർതാരം മോഹൻലാൽ ആണ് ടീസർ പുറത്തിറക്കിയത്. ജൂലൈ 28ന് ചിത്രം റിലീസ് ചെയ്യും എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ടീസർ കാണാം:
ത്രീഡി ആക്ഷൻ-അഡ്വഞ്ചർ, മിസ്റ്ററി ത്രില്ലർ ആയ ചിത്രം സംവിധാനം ചെയ്യുന്നത് അനുപ് ഭണ്ഡാരി ആണ്. ഹിന്ദിയിൽ സൽമാൻ ഖാൻ, തെലുങ്കിൽ ചിരഞ്ജീവി, തമിഴിൽ സിമ്പു എന്നിവർ ആണ് ടീസറുകൾ പുറത്തിറക്കിയത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഇന്ത്യന്‍ ഭാഷകള്‍ കൂടാതെ അറബിക്, ജർമ്മൻ, റഷ്യൻ, മന്ദാരിൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും ചിത്രം പുറത്തിറങ്ങുമെന്നാണ് വിവരം.
ഒരു പാൻ വേൾഡ് ത്രീഡി സിനിമയായി ഒരുങ്ങുന്ന ‘വിക്രാന്ത് റോണ’ 50 രാജ്യങ്ങളില്‍ റിലീസ് ചെയ്യും എന്നാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശാലിനി ആർട്‌സുമായി സഹകരിച്ച് സീ സ്റ്റുഡിയോ നിർമ്മിച്ച ‘വിക്രാന്ത് റോണ’യിൽ കിച്ച സുദീപിനെ കൂടാതെ ജാക്വലിൻ ഫെർണാണ്ടസ്, നിരുപ് ഭണ്ഡാരി, നീത അശോക് എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.