കളക്ഷൻ കുറച്ച് കാണിച്ചു; ‘കുറുപ്പ്’ നിർമ്മാതാക്കൾ ഫിയോക്കിന് പരാതി നൽകി…
കോവിഡ് പ്രോട്ടോകോൾ പാലിക്കാനായി സർക്കാർ അനുമതി പ്രകാരം 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലുള്ള പ്രദർശനങ്ങൾ ആണ് തിയേറ്ററുകളിൽ അനുവദിച്ചിരിക്കുന്നത്. ഇത് പാലിക്കാതെ ചില തീയേറ്ററുകളിൽ പ്രദർശനം നടന്നിട്ടുണ്ട് എന്ന് ആരോപണം ഉയരുക ആണ്. ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ തിയേറ്റർ അസോസിയേഷൻ ആയ ഫിയോക്കിന് പരാതി നല്കിയിരിക്കുക ആണ്. പരാതി ലഭിച്ച ഫിയോക് ഇക്കാര്യം തീയേറ്റർ ഉടമകളെ അറിയിച്ചു കൊണ്ട് നോട്ടീസ് അയച്ചിട്ടുണ്ട്.
ദുൽഖർ സൽമാൻ നായകനായ “കുറുപ്പ്” എന്ന ചിത്രത്തിന് അനുവദിച്ച സിറ്റിംഗ് ക്യാപ്‌സിറ്റിയിലും അധികം പ്രേക്ഷകരെ ചില തീയേറ്ററുകളിൽ പ്രവേശിപ്പിച്ചു എന്നും എന്നാൽ ഡിസിആർ റിപ്പോർട്ടിൽ കാണിച്ചിട്ടില്ല എന്ന് പരാതി കിട്ടിയതായി നോട്ടീസിൽ പറയുന്നു.
ഈ ഒരു പ്രതിസന്ധി ഘട്ടത്തിൽ സിനിമ തന്ന് സഹായിച്ച കുറുപ്പ് നിർമ്മാതാക്കളോട് വളരെ വലിയ വഞ്ചനയാണ് തിയേറ്ററുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്നും നഷ്ടത്തിന്റെ കണക്ക് അറിയുവാൻ നിർമ്മാതാക്കളോട് സഹകരിക്കണം എന്നും ഫിയോക് നിർദ്ദേശം നൽകുന്നു. ഇതിനായി നവംബർ 12 മുതലുള്ള സിസിടിവി ദൃശ്യങ്ങൾ നിർമ്മാതാക്കൾ ചോദിക്കുമ്പോൾ നൽകണം എന്നും ഒരോ ഷോ കഴിയുമ്പോൾ ക്ലാസ് വൈസ് കളക്ഷൻ ഡീറ്റെയിൽസ് കൈമാറണം എന്ന നിർദ്ദേശവും ഫിയോക് അംഗങ്ങൾ ആയ തിയേറ്റർ ഉടമകൾക്ക് നൽകിയിട്ടുണ്ട്.
കുറുപ്പ് നിർമ്മാതാക്കൾ ആയ Wayfarer Films കളക്ഷൻ മോണിറ്റർ ഇൻ ചാർജ് ആയി ആളെ നിയമിച്ചിട്ടുണ്ട്. ആളെ തേടിയുള്ള പരസ്യം നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മണിക്കൂറുകൾക്ക് അകം തന്നെ ആളെ തിരഞ്ഞെടുക്കുകയും ചെയ്തു.
അതേ സമയം കുറുപ്പ് 50 കോടി ക്ലബ്ബ് നേട്ടം സ്വന്തമാക്കിയതായി അറിയിച്ചു ദുൽഖർ സൽമാൻ പ്രേക്ഷകരോട് നന്ദി അറിയിച്ചിരുന്നു. ചിത്രം തിയേറ്ററുകളിൽ മികച്ച രീതിയിൽ പ്രദർശനം തുടരുക ആണ്.