കീർത്തി സുരേഷിന് പിറന്നാൾ ആശംസകളുമായി വിജയ് ദേവരകൊണ്ട ചിത്രം “SVC 59”ലെ പുതിയ പോസ്റ്റർ പുറത്ത്

നടി കീർത്തി സുരേഷിന്റെ പിറന്നാൾ ദിനത്തിൽ, താരത്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തകർ. വിജയ് ദേവരകൊണ്ട നായകനാകുന്ന, ‘SVC 59’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലെ കീർത്തിയുടെ ഒരു സ്പെഷ്യൽ പോസ്റ്ററാണ് റിലീസ് ചെയ്തത്. “അവളുടെ പ്രണയം കവിതയും, ആത്മാവ് സംഗീതവുമാണ്” എന്ന കാവ്യാത്മകമായ അടിക്കുറിപ്പോടെയാണ് പോസ്റ്റർ എത്തിയത്.
തീവ്രമായ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ഡ്രാമയായിരിക്കും ചിത്രമെന്ന് സൂചന നൽകുന്നതാണ് പുതിയ പോസ്റ്റർ. ടോളിവുഡിലെയും മോളിവുഡിലെയും പ്രിയതാരങ്ങളായ വിജയ് ദേവരകൊണ്ടയും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്നു എന്നതുതന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ഈ പാൻ-ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്.
‘രാജാ വാരു റാണി ഗാരു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രവി കിരൺ കോലയാണ് ‘SVC 59’ സംവിധാനം ചെയ്യുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ അഞ്ച് ഭാഷകളിലായി പ്രേക്ഷകരിലേക്ക് എത്തും. പ്രമുഖ ഛായാഗ്രാഹകൻ ആനന്ദ് സി ചന്ദ്രനും സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യറും ഈ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.


