in , ,

ആമിർ അലിയുടെ പാരമ്പര്യവും കരുത്തും വ്യക്തമാക്കി ‘ഖലീഫ’ ഗ്ലിംപ്‌സ് വീഡിയോ പുറത്ത്

ആമിർ അലിയുടെ പാരമ്പര്യവും കരുത്തും വ്യക്തമാക്കി ‘ഖലീഫ’ ഗ്ലിംപ്‌സ് വീഡിയോ പുറത്ത്

നടൻ പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകർക്ക് ആവേശകരമായ സമ്മാനവുമായി ‘ഖലീഫ’ ടീം. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ “ദ ബ്ലഡ് ലൈൻ” എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ഗ്ലിംപ്‌സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വൈശാഖ്, പൃഥ്വിരാജ്, ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായിരിക്കുമെന്ന സൂചനയാണ് വീഡിയോ നൽകുന്നത്.

ആമിർ അലി എന്ന ശക്തമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ പാരമ്പര്യവും കരുത്തും വ്യക്തമാക്കുന്ന രീതിയിലാണ് ഗ്ലിംപ്‌സ് ഒരുക്കിയിരിക്കുന്നത്. “പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും” എന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ സിനിമയുടെ കഥാഗതിയെക്കുറിച്ചുള്ള ആകാംഷ വർദ്ധിപ്പിക്കുന്നു. ‘പോക്കിരി രാജ’ എന്ന വമ്പൻ ഹിറ്റിന് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ‘ഖലീഫ’ നിർമ്മിക്കുന്നത്. ‘ആദം ജോൺ’, ‘കടുവ’ തുടങ്ങിയ വിജയചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം-പൃഥ്വിരാജ് ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഓഗസ്റ്റ് ആദ്യവാരം ലണ്ടനിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ മറ്റു പ്രധാന ലൊക്കേഷനുകൾ ദുബായ്, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളാണ്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്ന ചിത്രത്തിനായി ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനാത് സേവ്യർ, പിആർഒ – ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ചരിത്രനേട്ടവുമായി ‘ലോക’; മലയാളത്തിന് ആദ്യ 300 കോടി ക്ലബ്ബ്