‘ലോക-ചാപ്റ്റർ 2’ പ്രഖ്യാപിച്ച് മൈക്കിളും ചാർളിയും; സ്പെഷ്യൽ വീഡിയോ പുറത്ത്…

ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങി ഓൾ ടൈം ഹിറ്റായി മാറിയ ‘ലോക – ചാപ്റ്റർ 1: ചന്ദ്ര’യുടെ രണ്ടാം ഭാഗം വരുന്നു. ആദ്യ ഭാഗത്തിൽ അതിഥി താരങ്ങളായെത്തി പ്രേക്ഷകരുടെ കയ്യടി നേടിയ ടോവിനോ തോമസും ദുൽഖർ സൽമാനും ചേർന്നാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. ‘ലോക – ചാപ്റ്റർ 2’ എന്ന പേരിൽ ആണ് പുതിയ ചിത്രം അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
തിയേറ്ററുകളിൽ അഞ്ചാം വാരത്തിലും തകർത്തോടുന്ന ‘ലോക ചാപ്റ്റർ 1’, ഇതിനോടകം 275 കോടിയിലധികം കളക്ഷൻ നേടി 300 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. 275 സ്ക്രീനുകളിൽ ചിത്രം പ്രദർശനം തുടരുന്നതിന്റെ വിജയാഘോഷത്തിനിടയിലാണ് അപ്രതീക്ഷിതമായി രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം എത്തിയത്. മൈക്കിൾ ചാത്തൻ എന്ന കഥാപാത്രമായി ടോവിനോയും ചാർളിയായി ദുൽഖറും ഒന്നിച്ചുള്ള ഒരു പ്രത്യേക വീഡിയോയിലൂടെയാണ് ‘ചാപ്റ്റർ 2’ അനൗൺസ് ചെയ്തത്.
ആദ്യ ഭാഗത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട അതിഥി കഥാപാത്രങ്ങളായിരുന്നു ടോവിനോയുടെ ചാത്തനും ദുൽഖറിന്റെ ചാർളിയും. സിനിമയുടെ കഥാഗതിയിൽ നിർണ്ണായകമായ ഈ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചായിരിക്കും രണ്ടാം ഭാഗം ഒരുങ്ങുന്നത് എന്ന സൂചനയാണ് പുതിയ പ്രഖ്യാപനം നൽകുന്നത്. ടോവിനോ തോമസ് നായകനാകുന്ന ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് നിർമ്മിക്കുന്നത്.