‘രോമാഞ്ച’ത്തിന്റെ നിർമ്മാതാക്കളും ‘ഗപ്പി’യുടെ സംവിധായകനും ഒന്നിക്കുന്നു; ‘ആശാൻ’ ടൈറ്റിൽ ലുക്ക് പുറത്ത്

‘ഗപ്പി’, ‘അമ്പിളി’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകൻ ജോൺപോൾ ജോർജ് തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ‘ആശാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബ്ലോക്ക്ബസ്റ്റർ ചിത്രം ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രം കൂടിയാണിത്.
സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയുടെ കഥ പറയുന്ന ‘ആശാൻ’ ഒരു മുഴുനീള ഹാസ്യ ചിത്രമായിരിക്കുമെന്നാണ് സൂചന. ഡ്രാമയും കോമഡിയും ചേർന്ന ‘ഡ്രാമഡി’ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. നൂറ്റമ്പതോളം പുതുമുഖ താരങ്ങൾ സിനിമയുടെ ഭാഗമാകുന്നു എന്നത് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. എങ്കിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരെല്ലാമാണെന്ന വിവരം അണിയറപ്രവർത്തകർ രഹസ്യമായി വെച്ചിരിക്കുകയാണ്.
കഴിഞ്ഞ ഉത്രാട ദിനത്തിൽ നടൻ ഇന്ദ്രൻസ് കഥകളി വേഷത്തിൽ നിൽക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇത് ഗപ്പി സിനിമാസിന്റെ പുതിയ ചിത്രത്തിലെ ലുക്കാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോൾ ‘ആശാൻ’ എന്ന പേര് പുറത്തുവന്നതോടെ സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷ വർധിച്ചിരിക്കുകയാണ്.
ജോൺപോൾ ജോർജ്ജ്, അന്നം ജോൺപോൾ, സുരാജ് ഫിലിപ്പ് ജേക്കബ്ബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോൺപോൾ ജോർജ്ജ് തന്നെയാണ് ചിത്രത്തിന് സംഗീത സംവിധാനവും നിർവഹിക്കുന്നത്. വിമൽ ജോസ് തച്ചിൽ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു.
ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, സൗണ്ട് ഡിസൈൻ: എം.ആർ രാജശേഖരൻ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അബി ഈശ്വർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, കൊറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ് വി.എഫ്.എക്സ്, സ്റ്റിൽസ്: ആർ. റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈൻ: അഭിലാഷ് ചാക്കോ, വിതരണം: സെൻട്രൽ പിക്ചേഴ്സ്, ഓവർസീസ് പാർട്ണർ: ഫാർസ് ഫിലിംസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഓ: ഹെയിൻസ്.


