നിവിൻ പോളിയുടെ ഫാന്‍റസി കോമഡി ‘സർവ്വം മായ’ ക്രിസ്മസിന്; പുതിയ പോസ്റ്റർ

‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകൻ അഖിൽ സത്യൻ്റെ പുതിയ സിനിമ ‘സർവ്വം മായ’യുടെ തിരുവോണം സ്പെഷ്യൽ പോസ്റ്റർ ശ്രദ്ധനേടുന്നു. കയ്യിൽ ഒരു താലിയും മുഖത്ത് ആകർഷകമായ പുഞ്ചിരിയുമായി നിൽക്കുന്ന നിവിൻ പോളിയാണ് പോസ്റ്ററിലുള്ളത്. ഫാന്‍റസി കോമഡി ജോണറിലൊരുങ്ങുന്ന ചിത്രം ഈ വരുന്ന ക്രിസ്മസിന് തിയേറ്ററുകളിലെത്തും.
നിവിൻ പോളിയും അജു വർഗ്ഗീസും പത്താമത്തെ തവണ ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ‘സർവ്വം മായ’യെ നോക്കിക്കാണുന്നത്. സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യനൊപ്പം ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മുൻപിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയെത്തിയ ഓണം പോസ്റ്ററും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
നിവിൻ പോളി, അജു വർഗ്ഗീസ് എന്നിവർക്ക് പുറമെ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലീം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫയർ ഫ്ലൈ ഫിലിംസിൻ്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജസ്റ്റിൻ പ്രഭാകരൻ സംഗീതവും ശരൺ വേലായുധൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. എഡിറ്റിംഗ് സംവിധായകൻ അഖിൽ സത്യൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, പി.ആർ.ഓ: ഹെയിൻസ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.


