in ,

ഐതിഹ്യങ്ങളിൽ നിന്ന് ഒരു സൂപ്പർഹീറോയുടെ ഉദയം; ‘ലോക: ചാപ്റ്റർ വൺ ചന്ദ്ര’ റിവ്യൂ വായിക്കാം

ഐതിഹ്യങ്ങളിൽ നിന്ന് ഒരു സൂപ്പർഹീറോയുടെ ഉദയം; ‘ലോക: ചാപ്റ്റർ വൺ ചന്ദ്ര’ റിവ്യൂ വായിക്കാം

വമ്പൻ പ്രതീക്ഷകൾക്കിടയിലാണ് കല്യാണി – നസ്ലൻ ചിത്രം ‘ലോക: ചാപ്റ്റർ വൺ ചന്ദ്ര’ എന്ന മലയാള ചിത്രം ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. മലയാളത്തിൽ ഒരു സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിന്റെ തുടക്കം കുറിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് “തരംഗം” എന്ന ടോവിനോ ചിത്രമൊരുക്കി വർഷങ്ങൾക്ക് മുൻപ് അരങ്ങേറ്റം കുറിച്ച ഡൊമിനിക് അരുൺ ആണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാങ്കേതിക നിലവാരം കൊണ്ട് തന്നെ ചിത്രത്തിന്റെ ട്രെയ്‌ലറിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ചിത്രം അവർ ഇതുവരെ കാണാത്ത ഒരു അനുഭവത്തിലേക്ക് ചിത്രം അവരെ കൂട്ടികൊണ്ട് പോകും എന്നുള്ള പ്രതീക്ഷകളും സൃഷ്ടിച്ചിരുന്നു.

കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന ചന്ദ്ര എന്ന കഥാപാത്രത്തെയാണ് ഈ യൂണിവേഴ്സിന്റെ ആദ്യ ഭാഗത്തിൽ ഫോക്കസ് ചെയ്തിരിക്കുന്നത്. അമാനുഷികമായ കഴിവുകളുള്ള ചന്ദ്ര എന്ന പെൺകുട്ടിയുടെ ജീവിതത്തിലേക്ക് നസ്ലൻ അവതരിപ്പിക്കുന്ന സണ്ണി കടന്നു വരുന്നതും, അതിനു ശേഷം ചന്ദ്രയുടെ വഴി ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡയുടെ ഗ്യാങ്ങുമായി കൂട്ടിമുട്ടുകയും ചെയ്യുന്നതോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു. കേരളത്തിലെ മിത്തുകളുടെ പശ്‌ചാത്തലത്തിൽ പറയുന്ന കഥ, ആ മിത്തുകളിൽ ചില പൊളിച്ചെഴുത്തലുകളും നടത്തിയിട്ടുണ്ട്. ചന്ദ്രയെ പോലെ അമാനുഷിക കഴിവുകൾ ഉള്ളവരുടെ മറ്റൊരു ലോകവും കഥയുടെ ഭാഗമായി വരുന്നുണ്ട്.

എല്ലാ സൂപ്പർ ഹീറോ ചിത്രങ്ങളിലേയും പോലെ തന്നെ നായകനും വില്ലനും തമ്മിലുള്ള പോരാട്ടം തന്നെയാണ് ഈ ചിത്രവും സ്വീകരിച്ചിരിക്കുന്ന വഴി. എന്നാൽ ഇതിൽ കേന്ദ്ര കഥാപാത്രം ഒരു നായിക ആണെന്നുള്ളതും അവൾക്കു ഒരു സൂപ്പർ പവർ ഉണ്ടെന്നുമാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. പലപ്പോഴും നായകൻ, വില്ലൻ സങ്കൽപ്പങ്ങളെ മറികടന്നു കൊണ്ട് പ്രധാന കഥാപാത്രങ്ങൾക്കും അവരുടേതായ പോസിറ്റീവ് വശങ്ങളും നെഗറ്റീവ് വശങ്ങളും കൊടുക്കാൻ സംവിധായകൻ ഡൊമിനിക് അരുൺ ശ്രമിച്ചിട്ടുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ സീറ്റിൽ പിടിച്ചിരുത്തുന്ന ചിത്രം കൂടുതലും മുന്നോട്ട് പോകുന്നത് ചന്ദ്രയുടെ കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക്ക് കാണിച്ചു കൊണ്ടും അവളുടെ കഴിവുകളെ ഓരോന്നായി വെളിപ്പെടുത്തി കൊണ്ടുമാണ്. ഇടക്ക് ഇടക്ക് വരുന്ന കോമഡി ഒരു ആശ്വാസമാകുന്നുണ്ട് എങ്കിലും ഇടക്ക് എങ്കിലും ചിത്രത്തിന്റെ പാത പ്രവചനീയവും ആവുന്നുണ്ട്. ഒരുപിടി അതിഥി താരങ്ങളെ കൊണ്ട് വന്നു ചിത്രത്തിൽ രോമാഞ്ചം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട് എങ്കിലും, അവയുടെ അവതരണം വേണ്ടത്ര സ്വാധീനം പ്രേക്ഷകരിൽ ഉണ്ടാക്കിയോ എന്നത് സംശയമാണ്. എങ്കിലും ഗംഭീര സാങ്കേതിക പൂർണ്ണതയോടെ പ്രേക്ഷകർക്ക് വലിയ തീയേറ്റർ അനുഭവം നൽകുന്ന രീതിയിൽ കഥ പറയാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

ചന്ദ്ര ആയി കല്യാണി എത്തുമ്പോൾ സണ്ണി ആയാണ് നസ്ലൻ വേഷമിട്ടിരിക്കുന്നത്. വേണു ആയി ചന്ദു സലിം കുമാർ, നൈജിൽ ആയി അരുൺ കുര്യൻ, ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ ആയി സാൻഡി മാസ്റ്റർ എന്നിവരും അഭിനയിച്ചിരിക്കുന്നു. ചന്ദ്ര ആയി കല്യാണി ഗംഭീര പ്രകടനം കാഴ്ച വെച്ചപ്പോൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുന്നത് സാൻഡിയുടെ കിടിലൻ പ്രകടനമാണ്. അത്രക്കും വിശ്വസനീയമായി ആണ് നെഗറ്റീവ് കഥാപാത്രത്തിന് സാൻഡി ജീവൻ പകർന്നത്. നസ്ലൻ പതിവ് പോലെ തന്റെ കഥാപാത്രം ഭദ്രമാക്കിയപ്പോൾ ചന്ദു, അരുൺ കുര്യൻ, ശരത് സഭ, വിജയ രാഘവൻ എന്നിവരും അതിഥി വേഷത്തിൽ എത്തിയ താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. കല്യാണി ഈ ചിത്രത്തിനായി എടുത്ത പരിശ്രമം ഓരോ ഫ്രെയിമിലും ദൃശ്യമാണ്. അതിന്റെ പൂർണത അവരുടെ പ്രകടനത്തിൽ കാണാനുമുണ്ട്.

മികച്ച വിഎഫ്എക്സ് നിറഞ്ഞ ഒരുപിടി സീനുകൾ നല്കിയപ്പോഴും വിഎഫ്എക്‌സിന്റെ അതിപ്രസരം ഉണ്ടാക്കാതെ, മനോഹരമായി തന്നെ സൂപ്പർ ഹീറോ ആക്ഷൻ ഒരുക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയണം. കേരളത്തിന്റെ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട ഒരു കഥയെ ഒരു സൂപ്പർ ഹീറോ ചിത്രമെന്ന നിലയിലേക്ക് ഉയർത്തിയത് ഡൊമിനിക് അരുൺ എന്ന സംവിധായകന്റെ മികവാണ്. നിമിഷ് രവി ഒരുക്കിയ ദൃശ്യങ്ങളും, ജേക്സ് ബിജോയ് ഒരുക്കിയ പശ്‌ചാത്തല സംഗീതവും ഗാനങ്ങളും എല്ലാം ഈ ചിത്രത്തെ ദൃശ്യപരമായി മികവ് പുലർത്തുന്നതുന്നതിൽ ഏറെ സഹായിച്ചിട്ടുണ്ട്. ജേക്സ് ബിജോയ് തന്റെ സംഗീതം കൊണ്ട് ചിത്രത്തിന്റെ തീയേറ്റർ അനുഭവത്തെ ഉയർത്തിയത് അതിഗംഭീരമായാണ്. ചമൻ ചാക്കോയുടെ എഡിറ്റിംഗും യാനിക്ക് ബെൻ ഒരുക്കിയ ആക്ഷനും മികച്ചു നിന്നു.

കുട്ടികൾക്കും കുടുംബങ്ങൾക്കും യുവാക്കൾക്കുമെല്ലാം ഏറെ ഇഷ്ടപ്പെടുന്ന രീതിയിലൊരുക്കിയ ‘ലോക’, മലയാളത്തിന്റെ ആദ്യത്തെ സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സ് ആക്കി മുന്നോട്ടു കൊണ്ടി പോകാനുള്ള എല്ലാ ഗുണകളും ഒത്തിണങ്ങിയ ഒന്നാണ്. തീയേറ്ററിൽ മികച്ച അനുഭവം നൽകുന്ന ചിത്രം ഒരു പൈസ വസൂൽ എന്റെർറ്റൈനെർ ആണെന്ന് നിസംശയം പറയാം.

വീണ്ടും ഹൃദയങ്ങൾ കീഴടക്കി ലാലേട്ടൻ തുടരും; ‘ഹൃദയപൂർവ്വം’ റിവ്യൂ വായിക്കാം

‘ലോക’ സിനിമാറ്റിക് യൂണിവേഴ്സിന് മികച്ച തുടക്കം; ആദ്യ ദിനം 130+ അധിക ഷോകള്‍