in ,

വീണ്ടും ഹൃദയങ്ങൾ കീഴടക്കി ലാലേട്ടൻ തുടരും; ‘ഹൃദയപൂർവ്വം’ റിവ്യൂ വായിക്കാം

വീണ്ടും ഹൃദയങ്ങൾ കീഴടക്കി ലാലേട്ടൻ തുടരും; ‘ഹൃദയപൂർവ്വം’ റിവ്യൂ വായിക്കാം

മലയാളത്തിലെ എവർഗ്രീൻ കൂട്ടുകെട്ടായ മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം ഇരുപതാം തവണ ഒന്നിച്ച “ഹൃദയപൂർവ്വം” എന്ന ചിത്രമാണ് ഇന്ന് ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രങ്ങളിലൊന്ന്. ഈ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്നതിനൊപ്പം തന്നെ, ഇവരുടെ ചിത്രങ്ങളിൽ എന്നും ഒപ്പം ഉണ്ടായിരുന്ന കുറെ മുഖങ്ങൾ നഷ്ടമായതിനു ശേഷം ഇവർ ഒന്നിച്ചെത്തുന്ന ചിത്രം എന്നത് ഹൃദയപൂർവ്വത്തെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വൈറലായ ടീസർ, മനോഹരമായ ഗാനങ്ങൾ, ശ്രദ്ധ നേടിയ ട്രെയ്‌ലർ എന്നിവ കൊണ്ട് മികച്ച ഒരു പ്രതീക്ഷ തന്നെ ചിത്രം പ്രേക്ഷകരിൽ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

മോഹൻലാൽ അവതരിപ്പിക്കുന്ന സന്ദീപ് ബാലകൃഷ്ണൻ എന്ന 45 കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ സന്ദീപ്, തനിക്ക് ഹൃദയം നൽകിയ ആളുടെ മകളുടെ കല്യാണ നിശ്ചയത്തിനായി പൂനെയിൽ എത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥ അതിന്റെ ട്രാക്കിൽ എത്തുന്നത്. സന്ദീപിന്റെ കൂടെ ഹോം നേഴ്‌സ് ആയി സംഗീത് പ്രതാപ് അവതരിപ്പിക്കുന്ന ജെറി എന്ന കഥാപാത്രവുമുണ്ട്. ആ വിവാഹ നിശ്ചയ ചടങ്ങിൽ നടക്കുന്ന ചില സംഭവങ്ങൾ പൂനെയിൽ തന്നെ തങ്ങാൻ സന്ദീപിനെ നിർബന്ധിതനാക്കുകയും അതിനു ശേഷം ആ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളുമാണ് അതീവ രസകരമായി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

“ഹൃദയപൂർവം” പൂർണ്ണമായും ഒരു സത്യൻ അന്തിക്കാട് ചിത്രമാണ്. അദ്ദേഹം മോഹൻലാലുമായി ഒന്നിക്കുമ്പോൾ എന്താണോ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് അത് നല്കാൻ ഇത്തവണയും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ആദ്യാവസാനം കോമഡി, ഇമോഷൻ, സത്യൻ അന്തിക്കാടിന്റെ ശൈലിയിലുള്ള ഡ്രാമ എന്നിവ നിറഞ്ഞു നിൽക്കുന്ന ചിത്രം അദ്ദേഹത്തിന്റെ പതിവ് പശ്ചാത്തലങ്ങളിൽ നിന്ന് ഒരല്പം മാറിയും സഞ്ചരിക്കുന്നുണ്ട്. ചിത്രം തുടങ്ങി വളരെ വേഗം തന്നെ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രവുമായി പ്രേക്ഷകരെ കണക്ട് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അഖിൽ സത്യന്റെ കഥക്ക് സോനു ടി പി എന്ന നവാഗതൻ ഒരുക്കിയ തിരക്കഥ ഇവിടെ അഭിനന്ദനം അർഹിക്കുന്നുണ്ട്. വളരെ ലളിതമായ രീതിയിൽ മുന്നോട്ട് സഞ്ചരിക്കുന്ന ചിത്രം കൊച്ചു കൊച്ചു കുടുംബ മുഹൂർത്തങ്ങളിലൂടെ കഥയുടെ ഇതളുകൾ വിരിക്കുന്ന കാഴ്ച മനോഹരമാണ്. രസകരമായതും വൈകാരികമായതുമായ സംഭാഷണങ്ങളും കഥാ സന്ദർഭങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. ആദ്യാവസാനം ചിരിയുടെ ഒരു പൂരമാണ് ചിത്രം സമ്മാനിക്കുന്നത്. അതിനൊപ്പം പ്രേക്ഷകരുടെ മനസ്സിൽ തൊടാനും, കണ്ണ് നനയിക്കാനും സത്യൻ അന്തിക്കാടിന് സാധിക്കുന്നുണ്ട്.

പ്രകടനങ്ങൾ കൊണ്ടും ചിത്രം മികവ് പുലർത്തുന്നു. സന്ദീപ് ബാലകൃഷ്ണൻ ആയി മോഹൻലാൽ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ആ കഥാപാത്രത്തിന്റെ ശരീര ഭാഷയും ആകുലതകളും വൈകാരികമായ യാത്രയുമൊക്കെ ഏറെ സരസമായും സ്വാഭാവികമായും പ്രേക്ഷകരിലേക്ക് എത്തിക്കാൻ മോഹൻലാലിന് സാധിച്ചു. വളരെ അനായാസമായി കഥാപാത്രങ്ങളെ ഉൾകൊള്ളുന്ന മോഹൻലാൽ മാജിക് ഇവിടെ ഒരിക്കൽ കൂടി സംഭവിക്കുന്നത് നമ്മുക്ക് അറിയാൻ സാധിക്കും. മോഹൻലാലുമൊത്ത് ഗംഭീര ഓൺസ്‌ക്രീൻ രസതന്ത്രമാണ് സംഗീത് പ്രതാപ് കാഴ്ചവെച്ചത്. ഇവർ ഒരുമിച്ചുള്ള രംഗങ്ങൾ എല്ലാം തന്നെ തീയേറ്ററുകളിൽ ചിരി പടർത്തുന്നു എന്നതതന്നെയാണ് ഈ കൂട്ടുകെട്ടിന്റെ വിജയം. ഒരു നടനെന്ന നിലയിൽ ജെറി എന്ന കഥാപാത്രം സംഗീതിന്റെ വളർച്ച കാണിച്ചു തരുന്ന ഒന്ന് കൂടിയാണ്.

ഹരിത ആയി മാളവികയും ദീപ ആയി സംഗീതയും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ സിദ്ദിഖ്, ലാലു അലക്സ്, ബാബുരാജ്, നിഷാൻ, സബിത ആനന്ദ്, ജനാർദ്ദനൻ എന്നിവരും അമൽ താഹ, അരുൺ പ്രദീപ്, ദേവരാജ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും മനോഹരമാക്കി. മീര ജാസ്മിൻ, ബേസിൽ ജോസഫ് എന്നിവരുടെ അതിഥി വേഷത്തിനും പ്രേക്ഷകരുടെ കയ്യടി നേടാൻ സാധിക്കുന്നുണ്ട്.

ജസ്റ്റിൻ പ്രഭാകരൻ ഒരുക്കിയ ഗാനങ്ങളും പശ്‌ചാത്തല സംഗീതവും അതിമനോഹരമായിരുന്നു. ഗാനങ്ങൾ മികച്ചു നിന്നപ്പോൾ പശ്ചാത്തല സംഗീതം ചിത്രത്തിലെ കഥാസന്ദർഭങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് വലിയ പങ്കാണ് വഹിച്ചത്. വൈകാരികമായി പുതിയൊരു തലം അത് ചിത്രത്തിന് നൽകുന്നുണ്ട്. അനു മൂത്തേടത്ത് ഒരുക്കിയ ദൃശ്യങ്ങളും മികച്ചു നിന്ന്. പൂണെയുടെ ഭംഗി മുഴുവൻ അദ്ദേഹം ഒപ്പിയെടുത്തിട്ടുണ്ട്. കെ രാജഗോപാൽ എഡിറ്റ് ചെയ്ത ചിത്രം ആദ്യാവസാനം ഒരു മികച്ച താളത്തിലാണ് സഞ്ചരിക്കുന്നത്. സിങ്ക് സൗണ്ടിൽ ഒരുക്കിയ ചിത്രത്തിന്റെ ശബ്ദ മിശ്രണവും നന്നായിരുന്നു.

ചുരുക്കി പറഞ്ഞാൽ, ഈ ഓണക്കാലത്ത് തീയേറ്ററുകളിൽ കുടുംബമായി പോയി കണ്ട്, സന്തോഷത്തോടെ ഇറങ്ങാവുന്ന ഒരു സിനിമാനുഭവമാണ് “ഹൃദയപൂർവ്വം” സമ്മാനിക്കുന്നത്. ഒരുപാട് ചിരിയും കുറച്ചു കണ്ണീരും മനോഹരമായ പ്രകടനങ്ങളും ചേർത്തൊരുക്കിയ ഒരു പക്കാ ഫാമിലി ഫെസ്റ്റിവൽ ചിത്രമാണിത്. ഒരു അന്തിക്കാടൻ സ്റ്റൈലിൽ ഉള്ള മലയാളത്തിന്റെ സ്വന്തം മോഹൻലാലിൻറെ മറ്റൊരു മാജിക് എന്ന് ഹൃദയപൂർവ്വത്തെ വിശേഷിപ്പിക്കാം.

രശ്മികയുടെ ‘ദി ഗേൾഫ്രണ്ട്’ ചിത്രത്തിലെ രണ്ടാമത്തെ ഗാനവുമായി ഹിഷാം അബ്ദുൾ വഹാബ്

ഐതിഹ്യങ്ങളിൽ നിന്ന് ഒരു സൂപ്പർഹീറോയുടെ ഉദയം; ‘ലോക: ചാപ്റ്റർ വൺ ചന്ദ്ര’ റിവ്യൂ വായിക്കാം