“ഇവൾ ആരാ, എന്താ എന്ന് നമുക്ക് അറിയുക പോലും ഇല്ല”; വൻ ദൃശ്യവിസ്മയങ്ങളുമായി ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ട്രെയിലർ

മലയാള സിനിമയിൽ പുതിയൊരു ഫാൻ്റസി ലോകത്തിന് തുടക്കമിട്ട് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ എന്ന ചിത്രത്തിന്റെ ആക്ഷൻ പാക്ക്ഡ് ട്രെയിലർ പുറത്തിറങ്ങി. പ്രൗഢഗംഭീരമായ പ്രീ-റിലീസ് ഇവന്റിൽ വെച്ചാണ് അണിയറപ്രവർത്തകർ ട്രെയിലർ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ഓണം റിലീസായി ഓഗസ്റ്റ് 28-ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
മലയാളത്തിൽ ഇതുവരെ കാണാത്ത ദൃശ്യാനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രം, പ്രേക്ഷകരെ പുതിയൊരു ലോകത്തേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പാണ്. ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും നിമിഷ് രവിയുടെ ഛായാഗ്രഹണവും ട്രെയിലറിന് ആവേശം പകരുന്നു. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.
കല്യാണി പ്രിയദർശൻ ‘ചന്ദ്ര’ എന്ന സൂപ്പർഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ‘സണ്ണി’ എന്ന പ്രധാനപ്പെട്ട വേഷത്തിൽ നസ്‌ലനും എത്തുന്നു. ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, ‘ലോക’ എന്ന പേരിൽ ഒരുങ്ങുന്ന സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യത്തേതാണ്. തമിഴ് താരം സാൻഡി, ചന്ദു, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വേഫെറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന ചിത്രം, ഇന്ത്യയിലെ മറ്റു പ്രധാന മാർക്കറ്റുകളിൽ പ്രമുഖ വിതരണക്കാരാണ് റിലീസ് ചെയ്യുന്നത്. എ ജി എസ് സിനിമാസ് (തമിഴ്നാട്), സിതാര എൻ്റർടെയ്ൻമെൻ്റ്സ് (തെലുങ്ക്), ലൈറ്റർ ബുദ്ധ ഫിലിംസ് (കർണാടക), പെൻ മരുധാർ (നോർത്ത് ഇന്ത്യ) എന്നിവർ ചിത്രത്തിന്റെ വിതരണ പങ്കാളികളാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ‘തനി ലോക മുറക്കാരി’ എന്ന ഗാനവും പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.