in

‘കരം’ സിനിമയിൽ ഞെട്ടിക്കാൻ ‘ആശാൻ’; വിനീത് ശ്രീനിവാസന്റെ ത്രില്ലറിൽ ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ ഇവാനും

‘കരം’ സിനിമയിൽ ഞെട്ടിക്കാൻ ‘ആശാൻ’; വിനീത് ശ്രീനിവാസന്റെ ത്രില്ലറിൽ ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ ഇവാനും

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകർ സ്നേഹത്തോടെ ‘ആശാൻ’ എന്ന് വിളിക്കുന്ന മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്നു. സംവിധായകൻ വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമായ ‘കരം’ എന്ന ആക്ഷൻ ത്രില്ലറിലാണ് ഇവാൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ആന്ദ്രേ നിക്കോള’ എന്ന കഥാപാത്രമായാണ് ഇവാൻ അഭിനയിക്കുകയെന്ന് വിനീത് ശ്രീനിവാസൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇവാനൊപ്പമുള്ള അനുഭവം ഒരു ബഹുമതിയാണെന്നും താൻ കണ്ട ഏറ്റവും പോസിറ്റീവായ വ്യക്തികളിലൊരാളാണ് അദ്ദേഹമെന്നും വിനീത് കുറിച്ചു.

വിനീത് ശ്രീനിവാസൻ തന്റെ പതിവ് റൊമാന്റിക്-ഫീൽ ഗുഡ് ശൈലിയിൽ നിന്ന് മാറി ഒരുക്കുന്ന ചിത്രമാണ് ‘കരം’. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ, ഗംഭീരമായ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും വാഗ്ദാനം ചെയ്യുന്നു. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ ഹിറ്റുകൾക്ക് ശേഷം വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം, മെറിലാൻഡ് സിനിമാസും ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് നിർമ്മിക്കുന്നത്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ എന്ന പ്രത്യേകതയും ‘കര’ത്തിനുണ്ട്.

‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് നിർമ്മാതാവാകുന്ന ചിത്രം കൂടിയാണിത്. നോബിൾ ബാബു തോമസാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും നോബിൾ തന്നെയാണ്. 70 വർഷങ്ങൾക്ക് മുൻപ് മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലറായ ‘സിഐഡി’ (1955) നിർമ്മിച്ച മെറിലാൻഡ് സിനിമാസ്, വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

ജോർജിയ, റഷ്യ-അസർബൈജാൻ അതിർത്തികൾ, ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ‘കരം’ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ഷാൻ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു. ‘തട്ടത്തിൻ മറയത്ത്’, ‘തിര’, ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’ എന്നിവയ്ക്ക് ശേഷം ഈ മൂവരും വീണ്ടും ഒന്നിക്കുകയാണ്.

മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്റണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഓഡ്രി മിറിയം, രേഷ്മ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. രഞ്ജൻ എബ്രഹാം എഡിറ്റിംഗും ലസാർ വർദുകദ്സെ, നോബിൾ ബാബു തോമസ് എന്നിവർ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. ചിത്രം സെപ്റ്റംബർ 25-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും.

അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും കൊച്ചിയിൽ; പ്രിയദർശന്റെ ‘ഹൈവാൻ’ ചിത്രീകരണം ആരംഭിച്ചു

‘റോഷാക്കി’ന് ശേഷം നിസാം ബഷീർ; പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ‘ഐ, നോബഡി’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി