അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും കൊച്ചിയിൽ; പ്രിയദർശന്റെ ‘ഹൈവാൻ’ ചിത്രീകരണം ആരംഭിച്ചു

സംവിധായകൻ പ്രിയദർശൻ ഒരുക്കുന്ന പുതിയ ബോളിവുഡ് ചിത്രമായ ‘ഹൈവാന്‍’ കൊച്ചിയിൽ തുടക്കമായി. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പർ താരങ്ങളായ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം പനമ്പിള്ളി നഗറിലാണ് ആരംഭിച്ചത്.
സിനിമയുടെ തുടക്കം അറിയിച്ചുകൊണ്ട് പ്രിയദർശൻ ലൊക്കേഷനിൽ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഒരു കടയ്ക്ക് മുന്നിൽ അക്ഷയ് കുമാറിനും സെയ്ഫ് അലി ഖാനുമൊപ്പം നിൽക്കുന്ന സംവിധായകനെയാണ് ചിത്രത്തിൽ കാണാൻ കഴിയുക. ഹൈ ഒക്ടെയ്ൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ‘ഹൈവാൻ’ എന്നാണ് വിവരം.
2008-ൽ പുറത്തിറങ്ങിയ ‘തഷാൻ’ എന്ന സിനിമയിലാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഇതിനു മുൻപ് ഒരുമിച്ച് അഭിനയിച്ചത്. കെവിഎൻ പ്രൊഡക്ഷൻസ്, തേസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് ‘ഹയ്വാൻ’ നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിലും ഛായാഗ്രാഹകൻ ദിവാകർ മണിയുമാണ്. എം.എസ് അയ്യപ്പൻ നായർ എഡിറ്റിംഗും അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളും നിർവഹിക്കുന്നു.
കൊച്ചിയിലെ ചിത്രീകരണത്തിന് ശേഷം വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിലും സിനിമ ചിത്രീകരിക്കും. പ്രിയദർശന്റെ സംവിധാനത്തിൽ ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം ‘അപ്പാത്ത’യാണ്. അദ്ദേഹത്തിന്റെ മറ്റൊരു ചിത്രമായ ‘ഭൂത് ബംഗ്ല’ നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. പിആർഒ: ആതിര ദിൽജിത്ത്.