‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ സെൻസറിംഗ് പൂർത്തിയായി; ചിത്രം ഓഗസ്റ്റ് 28-ന് തിയേറ്ററുകളിലേക്ക്…

ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിന്റെ പുതിയ ചിത്രമായ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’യുടെ സെൻസറിംഗ് നടപടികൾ പൂർത്തിയായി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. ഓണം റിലീസായി ചിത്രം ഓഗസ്റ്റ് 28-ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ലോക’ എന്ന പേരിൽ ഒരുക്കുന്ന സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ഇതിൽ ‘ചന്ദ്ര’ എന്ന സൂപ്പർഹീറോ കഥാപാത്രത്തെയാണ് കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്നത്. നസ്ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ‘സണ്ണി’ എന്നാണ്. തമിഴ് നടൻ സാൻഡി ഇൻസ്പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രത്തെ അവതപ്പിക്കുമ്പോൾ, ചന്ദു, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിലുണ്ട്.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. കേരളത്തിൽ വേഫെറർ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം, തമിഴ്നാട്ടിൽ എജിഎസ് സിനിമാസും കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസും തെലുങ്കിൽ സിതാര എന്റർടെയ്ൻമെന്റ്സും ഉത്തരേന്ത്യയിൽ പെൻ മരുധാറുമാണ് വിതരണത്തിനെത്തിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും പ്രൊമോ ഗാനത്തിനും പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചിരുന്നു. നിമിഷ് രവി ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റർ. വേഫെറർ ഫിലിംസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രമാണ് ‘ലോക’.