in

‘ദ കിംഗ് ഈസ് ബാക്ക്’: ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്; സിനിമാലോകം ആവേശത്തിൽ

‘ദ കിംഗ് ഈസ് ബാക്ക്’: ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്; സിനിമാലോകം ആവേശത്തിൽ

മലയാള സിനിമാലോകത്തിന്റെയും എണ്ണമറ്റ ആരാധകരുടെയും പ്രാർത്ഥനകൾക്ക് ഫലപ്രാപ്തി. ചികിത്സാർത്ഥം സിനിമാ രംഗത്തുനിന്ന് താൽക്കാലികമായി വിട്ടുനിന്ന മെഗാസ്റ്റാർ മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനായി അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു. നിർമ്മാതാവും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായ ആന്റോ ജോസഫ് ഇന്ന് (ഓഗസ്റ്റ് 19) സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പാണ് സിനിമാ ലോകത്തിന് ആശ്വാസം പകർന്ന ഈ വാർത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം നൽകിയത്.

“ലോകമെമ്പാടുമുള്ള ഒരുപാട് മനുഷ്യരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടായി. ദൈവത്തിന് നന്ദി, നന്ദി, നന്ദി,” എന്നായിരുന്നു ആന്റോ ജോസഫിന്റെ ഹൃദയത്തിൽ തൊട്ടുള്ള വാക്കുകൾ. ഈ വാർത്ത പുറത്തുവന്നതോടെ സഹപ്രവർത്തകരും രാഷ്ട്രീയ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ മമ്മൂട്ടിക്ക് ആശംസകളുമായി രംഗത്തെത്തി. മമ്മൂട്ടിയുടെ പേഴ്സണൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ, “കണ്ണുനിറഞ്ഞ സന്തോഷത്തോടെ ഞാൻ നിങ്ങളുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്നു,” എന്ന് കുറിച്ചപ്പോൾ, “ഇതിലും വലിയൊരു സന്തോഷ വാർത്തയില്ല. ദി കിംഗ് ഈസ് ബാക്ക്!” എന്നായിരുന്നു നടി മാളവിക പാർവതിയുടെ പ്രതികരണം. നടനും സംവിധായകനുമായ രമേഷ് പിഷാരടിയും എല്ലാം സാധാരണ നിലയിലായെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

സിനിമാ രംഗത്തിന് പുറത്തുനിന്നും ആശംസകളുടെ പ്രവാഹമുണ്ടായി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന് ആശംസകൾ നേർന്നു. മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നത് ലോകമെമ്പാടുമുള്ള മലയാളികൾക്ക് സന്തോഷം പകരുന്ന വാർത്തയാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, വരുന്ന സെപ്റ്റംബറോടെ മമ്മൂട്ടി വീണ്ടും സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളിലേക്ക് മടങ്ങിയെത്തും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സെറ്റിലേക്കാകും അദ്ദേഹം ആദ്യമെത്തുക. ‘പേട്രിയറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ അറുപത് ശതമാനത്തോളം ചിത്രീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇതിന് പുറമെ, വിനായകനുമായി ഒന്നിക്കുന്ന ‘കളങ്കാവൽ’ എന്ന ചിത്രവും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ താരങ്ങൾ ഇവരാണ്; ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

ഇത്തവണ ആക്ഷൻ വെടിക്കെട്ട്, പതിവ് ശൈലി മാറ്റി വിനീത് ശ്രീനിവാസൻ; ‘കരം’ ട്രെയിലർ