in

‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ താരങ്ങൾ ഇവരാണ്; ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ താരങ്ങൾ ഇവരാണ്; ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിന്റെ പുതിയ ചിത്രമായ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” യിലെ പ്രധാന കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തിറക്കി. ഓണം റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ താരങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

‘ലോക’ എന്ന് പേരിട്ടിരിക്കുന്ന ഒരു സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ‘ചന്ദ്ര’ ഒരുങ്ങുന്നത്. ‘ചന്ദ്ര’ എന്ന സൂപ്പർഹീറോ കഥാപാത്രത്തെ കല്യാണി പ്രിയദർശൻ അവതരിപ്പിക്കുമ്പോൾ, ‘സണ്ണി’ എന്ന കഥാപാത്രമായി നസ്ലൻ എത്തുന്നു. ഇവർക്ക് പുറമെ, ഇൻസ്പെക്ടർ നാച്ചിയപ്പ ഗൗഡയായി തമിഴ് താരം സാൻഡിയും, വേണുവായി ചന്ദു സലിം കുമാറും, നൈജിൽ ആയി അരുൺ കുര്യനും വേഷമിടുന്നു. ഇവരുടെയെല്ലാം ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

ഒന്നിലധികം ഭാഗങ്ങളുള്ള ഒരു സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യഭാഗമായാണ് ചിത്രം എത്തുന്നത്. ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. തമിഴ്നാട്ടിൽ എജിഎസ് സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്.

ശാന്തി ബാലചന്ദ്രൻ, ശരത് സഭ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു.

നാല് ദിവസം കൊണ്ട് 400 കോടി കടന്നു “കൂലി”; റെക്കോർഡുകൾ കടപുഴക്കി തലൈവർ

‘ദ കിംഗ് ഈസ് ബാക്ക്’: ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്; സിനിമാലോകം ആവേശത്തിൽ