in

നാല് ദിവസം കൊണ്ട് 400 കോടി കടന്നു “കൂലി”; റെക്കോർഡുകൾ കടപുഴക്കി തലൈവർ

നാല് ദിവസം കൊണ്ട് 400 കോടി കടന്നു “കൂലി”; റെക്കോർഡുകൾ കടപുഴക്കി തലൈവർ

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തിയ “കൂലി” സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ഔദ്യോഗികമായി പങ്കു വെച്ച കണക്കുകൾ പ്രകാരം ആദ്യ 4 ദിനം കൊണ്ട് ചിത്രം നേടിയ ആഗോള കളക്ഷൻ 404 കോടി രൂപക്ക് മുകളിലാണ്.

തമിഴിൽ ഏറ്റവും വേഗത്തിൽ 400 കോടി ക്ലബിലെത്തുന്ന ചിത്രം കൂടിയാണ് കൂലി. 2.0 , ജയിലർ എന്നിവക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രജനികാന്ത് ചിത്രം കൂടിയാണ് കൂലി. 600 കോടി രൂപക്ക് മുകളിലാണ് 2.0 , ജയിലർ എന്നീ ചിത്രങ്ങൾ നേടിയ ആഗോള ഗ്രോസ്. കേരളത്തിൽ നിന്ന് 20 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം സമ്മിശ്ര പ്രതികരണം മൂലം തമിഴ്നാട് ഇൻഡസ്ടറി ഹിറ്റാവാനുള്ള സാധ്യത കുറവ് ആണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

220 കോടി രൂപക്ക് മുകളിൽ തമിഴ്നാട് നിന്ന് മാത്രം ഗ്രോസ് നേടിയ വിജയ് ചിത്രം ലിയോ ആണ് അവിടുത്തെ ഇൻഡസ്ടറി ഹിറ്റ്. ആ ചിത്രം ഒരുക്കിയതും ലോകേഷ് കനകരാജ് ആണ്. ആന്ധ്രയിൽ നിന്ന് 50 കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടിയ കൂലി അവിടെയും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ആന്ധ്രയിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രജനികാന്ത് ചിത്രമാണ് കൂലി. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് ചിത്രം നേടിയത്. . 148 കോടി ആദ്യ ദിനം ആഗോള ഗ്രോസ് ആയി നേടിയ ലിയോയുടെ റെക്കോർഡ് ആണ് കൂലി മറികടന്നത്.

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച കൂലിയിൽ നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് എന്നിവരും ബോളിവുഡ് താരം ആമിർ ഖാനും അഭിനയിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരനാണ്.

പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ജീത്തു ജോസഫ് – ആസിഫ് അലി ടീമിന്റെ ‘മിറാഷ്’ ടീസർ

‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ താരങ്ങൾ ഇവരാണ്; ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്