പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ജീത്തു ജോസഫ് – ആസിഫ് അലി ടീമിന്റെ ‘മിറാഷ്’ ടീസർ

‘കൂമൻ’ എന്ന വിജയചിത്രത്തിന് ശേഷം സംവിധായകൻ ജീത്തു ജോസഫും നടൻ ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സിനിമയുടെ ആകാംക്ഷ നിറഞ്ഞ ടീസർ പുറത്തിറങ്ങി. ദൃശ്യം സീരിസ് പോലുള്ള മികച്ച ത്രില്ലറുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിനായി കാത്തിരുന്ന പ്രേക്ഷകർക്ക് ആവേശം പകരുന്നതാണ് ടീസർ. ഒരു ഇമോഷണൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമായിരിക്കും ‘മിറാഷ്’ എന്ന് ടീസർ വ്യക്തമാക്കുന്നു.
കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കേന്ദ്ര കഥാപാത്രങ്ങളെയാണ് ടീസറിൽ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷകപ്രശംസ നേടിയ ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘മിറാഷി’നുണ്ട്. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങൾ ആണ് ടീസറിന്റെ ഹൈലൈറ്റ്.
ചിത്രത്തിന്റെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോയും ഫസ്റ്റ്, സെക്കൻഡ് ലുക്ക് പോസ്റ്ററുകളും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയെത്തിയ ടീസർ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
ഇ ഫോർ എക്സ്പിരിമെന്റ്സ്, നാഥ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവർ നിർമ്മാണത്തിൽ സഹകരിക്കുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിഷ്ണു ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. അപർണ ആർ തറക്കാടിന്റെ കഥയ്ക്ക് ജീത്തു ജോസഫും ശ്രീനിവാസ് അബ്രോളും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.