in

അലക്സാണ്ടർ വീണ്ടും വരുന്നു; ‘സാമ്രാജ്യം’ പുത്തൻ ദൃശ്യാനുഭവത്തോടെ റീ റിലീസിന്

അലക്സാണ്ടർ വീണ്ടും വരുന്നു; ‘സാമ്രാജ്യം’ പുത്തൻ ദൃശ്യാനുഭവത്തോടെ റീ റിലീസിന്

മലയാള സിനിമയിലെ എക്കാലത്തെയും വലിയ കൾട്ട് ക്ലാസിക്കുകളിലൊന്നായ ‘സാമ്രാജ്യം’ പുതിയ കാലത്തിന്റെ ദൃശ്യശ്രവ്യ മികവോടെ വീണ്ടും തിയേറ്ററുകളിലെത്തുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയെ അധോലോക നായകനായ അലക്സാണ്ടറുടെ വേഷത്തിൽ അവതരിപ്പിച്ച് 1990-ൽ തരംഗം സൃഷ്ടിച്ച ഈ ചിത്രം, 4K റെസല്യൂഷനിലും ഡോൾബി അറ്റ്മോസ് ശബ്ദമിശ്രണത്തിലുമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടുമെത്തുന്നത്. ചിത്രത്തിന്റെ റീ-റിലീസ് 2025 സെപ്റ്റംബറിൽ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ജോമോൻ സംവിധാനം ചെയ്ത് ഷിബു ചക്രവർത്തി രചിച്ച ‘സാമ്രാജ്യം’ അക്കാലത്തെ ഏറ്റവും വലിയ മുതൽമുടക്കിൽ നിർമ്മിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു. ഏകദേശം 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെയായിരുന്നു ചിത്രത്തിന്റെ നിർമ്മാണച്ചെലവ്. സ്റ്റൈലിഷ് മേക്കിങ്ങും, ബെൻസ് കാറുകൾ ഉൾപ്പെടെയുള്ള ആഡംബര പ്രോപ്പർട്ടികളുടെ ഉപയോഗവും, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് ചിത്രം പ്രേക്ഷകരെ അമ്പരപ്പിച്ചു. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും നൂറും ഇരുനൂറും ദിവസങ്ങൾ പ്രദർശിപ്പിച്ച് ചിത്രം ചരിത്ര വിജയം നേടി.

‘സാമ്രാജ്യ’ത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ചിത്രത്തിൽ ഗാനങ്ങൾ ഇല്ലായിരുന്നു എന്നതാണ്. പശ്ചാത്തല സംഗീതം മാത്രം മതിയെന്ന സംവിധായകന്റെ തീരുമാനത്തോട് സംഗീത സാമ്രാട്ട് ഇളയരാജ ആദ്യം വിയോജിച്ചിരുന്നു. എന്നാൽ ഗാനങ്ങളില്ലാതെ എഡിറ്റ് ചെയ്ത സിനിമയുടെ റഫ് കട്ട് കണ്ട ശേഷം, ചിത്രത്തിന്റെ മേക്കിങ്ങിൽ ആകൃഷ്ടനായ അദ്ദേഹം പശ്ചാത്തല സംഗീതം ഒരുക്കാൻ സമ്മതിക്കുകയായിരുന്നു. സിനിമയുടെ വൈകാരിക നിമിഷങ്ങളെ പ്രേക്ഷകരിലേക്ക് ആഴത്തിൽ എത്തിക്കുന്നതിൽ ഇളയരാജയുടെ പശ്ചാത്തല സംഗീതം നിർണായക പങ്കുവഹിച്ചു.

ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസനാണ് ചിത്രം നിർമ്മിച്ചത്. ജയാനൻ വിൻസെന്റ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കെ.പി. ഹരിഹരപുത്രനാണ്. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റൻ രാജു, ശ്രീവിദ്യ, അശോകൻ, വിജയരാഘവൻ, സോണിയ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. മൂന്നര പതിറ്റാണ്ടിനിപ്പുറം പുതിയ സാങ്കേതികവിദ്യയുടെ അകമ്പടിയോടെ ‘സാമ്രാജ്യം’ വീണ്ടും എത്തുമ്പോൾ പഴയ തലമുറയ്ക്ക് ഗൃഹാതുരമായ ഓർമ്മ പുതുക്കാനും പുതിയ തലമുറയ്ക്ക് പുത്തൻ അനുഭവമാകാനും അവസരമൊരുങ്ങുകയാണ്.

മലയാള പുരസ്കാരം 1201: മോഹൻലാൽ മികച്ച നടൻ, സിബി മലയിലിന് പ്രത്യേക ആദരവ്

പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ജീത്തു ജോസഫ് – ആസിഫ് അലി ടീമിന്റെ ‘മിറാഷ്’ ടീസർ