പണം വാരാൻ ബോളിവുഡിന്റെ വാർ 2; ആദ്യ ദിന ബോക്സ് ഓഫീസ് പ്രവചനം ഇങ്ങനെ

ഹൃതിക് റോഷൻ, ജൂനിയർ എൻ ടി ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയാൻ മുഖർജി ഒരുക്കിയ ബ്രഹ്മാണ്ഡ ആക്ഷൻ ബോളിവുഡ് സ്പൈ ത്രില്ലർ ചിത്രം “വാർ 2 ” നാളെ ആഗോള റിലീസായെത്തുമ്പോൾ, ബോളിവുഡ് പ്രതീക്ഷിക്കുന്നത് വമ്പൻ ഓപ്പണിങ്. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം 100 കോടി ഗ്രോസ് നേടുന്ന ആദ്യ ബോളിവുഡ് ചിത്രമായി വാർ 2 മാറുമെന്നായിരുന്നു ആദ്യ പ്രതീക്ഷ എങ്കിലും, ചിത്രത്തിന്റെ പ്രൊമോഷണൽ കണ്ടന്റുകൾ ഓളം ഉണ്ടാക്കാതെ പോയതും കൂലിയുമായുള്ള ബോക്സ് ഓഫീസ് യുദ്ധവും ആ പ്രതീക്ഷകളെ തല്ലിക്കെടുത്തി.
എന്നാലും ചിത്രം ആദ്യ ദിനം 75 കോടി വരെ ഇന്ത്യ ഗ്രോസ് നേടുമെന്നും, അല്ലെങ്കിൽ 65 കോടിയോളം ഇന്ത്യ നെറ്റ് ഗ്രോസ് സ്വന്തമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ജൂനിയർ എൻ ടിആറിന്റെ ബോക്സ് ഓഫീസ് പവറിൽ തെലുങ്കു സംസ്ഥാനങ്ങളിൽ അഡ്വാൻസ് ബുക്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തുന്ന ചിത്രം അവിടെ നിന്ന് മാത്രം 30 കോടിക്ക് മുകളിൽ ഗ്രോസ് നേടുമെന്നാണ് കരുതുന്നത്. ഹിന്ദി മാർക്കറ്റിൽ നിന്നും ചിത്രം 35 കോടി വരെ നെറ്റ് ഗ്രോസ് നേടുമെന്ന് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നു.
യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ വാർ 2 , ഈ യുണിവേഴ്സിലെ ചിത്രങ്ങളിൽ ഏറ്റവും വലിയ ഓപ്പണിങ് നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഷാരൂഖ് ഖാൻ നായകനായ ‘പത്താൻ’ നേടിയ 57 കോടി ആദ്യ ദിന ഇന്ത്യ നെറ്റ് ഗ്രോസ് ആയിരുന്നു ഈ സ്പൈ യൂണിവേഴ്സിലെ ഒരു ചിത്രം നേടിയ ഏറ്റവും വലിയ ഓപ്പണിങ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്.
യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ‘വാർ 2’ നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്ത ഈ ചിത്രം 400 കോടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. കിയാരാ അദ്വാനിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്.