in

ആദിവി ശേഷിന്റെ ‘ഗൂഢാചാരി 2’ റിലീസ് പ്രഖ്യാപിച്ചു; സ്പൈ ആക്ഷൻ ത്രില്ലർ 2026 മെയ് ഒന്നിനെത്തും

ആദിവി ശേഷിന്റെ ‘ഗൂഢാചാരി 2’ റിലീസ് പ്രഖ്യാപിച്ചു; സ്പൈ ആക്ഷൻ ത്രില്ലർ 2026 മെയ് ഒന്നിനെത്തും

ആദിവി ശേഷ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഗൂഢാചാരി 2’ (ജി 2) ന്റെ ആഗോള റിലീസ് തീയതി അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തെലുങ്കിൽ തരംഗമായ ‘ഗൂഢാചാരി’ എന്ന സ്പൈ ത്രില്ലറിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം 2026 മെയ് 1-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ആദിവി ശേഷിന്റെ കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ പാൻ-ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് കുമാർ സിരിഗിനിദിയാണ്. ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം വലിയ ക്യാൻവാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആറ് രാജ്യങ്ങളിലായി 150 ദിവസം നീണ്ട ചിത്രീകരണത്തിനായി 23 കൂറ്റൻ സെറ്റുകളാണ് നിർമ്മിച്ചത്. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എന്റർടെയ്ൻമെന്റ്സ് എന്നീ പ്രമുഖ ബാനറുകൾ സംയുക്തമായാണ് നിർമ്മാണം. ടി.ജി. വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ, വിവേക് കുചിബോട്ടിലാ എന്നിവരാണ് നിർമ്മാതാക്കൾ.

ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയുടെ സാന്നിധ്യമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഒരു സുപ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായിക. മുരളി ശർമ, സുപ്രിയ യാർലഗദ്ദ, മധു ശാലിനി തുടങ്ങിയവരും പ്രധാന താരനിരയിലുണ്ട്. സംവിധായകൻ വിനയ് കുമാർ സിരിഗിനിദിയും അദിവി ശേഷും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

കഥാപാശ്ചാത്തലത്തിനും ആക്ഷൻ രംഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു സമ്പൂർണ്ണ സ്പൈ ആക്ഷൻ ത്രില്ലറായിരിക്കും ‘ജി 2’. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ എന്നിവയ്ക്കൊപ്പം മലയാളത്തിലും ചിത്രം ഒരേസമയം റിലീസ് ചെയ്യും.

ദുൽഖർ ചിത്രത്തിന് ക്ലാപ്പടിച്ച് നാനി; പാൻ-ഇന്ത്യൻ ചിത്രം ‘DQ41’ന് ഹൈദരാബാദിൽ തുടക്കം

റൊമൻസും കോമഡിയും ത്രില്ലും ചേർത്ത് ഓണം കളറാക്കാൻ ‘മേനേ പ്യാർ കിയ’; ടീസർ