in

രാജ് ബി. ഷെട്ടിയുടെ കന്നഡ ബ്ലോക്ക്ബസ്റ്റർ ‘സു ഫ്രം സോ’ മലയാളം പതിപ്പ് തിയേറ്ററുകളിൽ

രാജ് ബി. ഷെട്ടിയുടെ കന്നഡ ബ്ലോക്ക്ബസ്റ്റർ ‘സു ഫ്രം സോ’ മലയാളം പതിപ്പ് തിയേറ്ററുകളിൽ

കന്നഡ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘സു ഫ്രം സോ’യുടെ മലയാളം പതിപ്പ് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്. ഹൊറർ, സൂപ്പർ നാച്ചുറൽ ഘടകങ്ങൾ കോർത്തിണക്കിയ ഒരു മുഴുനീള കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കർണാടകയിൽ പ്രേക്ഷക സ്വീകാര്യതയോടെ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ലഭിക്കുന്നത്. കഴിഞ്ഞ ആറു ദിവസത്തിനുള്ളിൽ ബുക്ക് മൈ ഷോ വഴി മാത്രം ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയത് ചിത്രത്തിന്റെ ജനപ്രീതിക്ക് തെളിവാണ്. കർണാടകയിൽ പുലർച്ചെ മുതൽ പ്രത്യേക പ്രദർശനങ്ങൾ നടത്തുന്ന ചിത്രം അവിടെ ഒരു ആഘോഷമായി മാറിയിരുന്നു.

തുളു നാടക, സിനിമാ രംഗങ്ങളിലൂടെ ശ്രദ്ധേയനായ ജെ.പി. തുമിനാട് ആണ് ‘സു ഫ്രം സോ’യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ‘സപ്ത സാഗരദാച്ചേ എല്ലോ സൈഡ് ബി’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ നടൻ എന്ന നിലയിലും അദ്ദേഹം പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ജെ.പി. തുമിനാട് തന്നെയാണ്. അദ്ദേഹത്തോടൊപ്പം ശനീൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ, രാജ് ബി. ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, നർമ്മത്തിലൂടെ ഗൗരവമായ ഒരു സാമൂഹിക വിഷയവും കൈകാര്യം ചെയ്യുന്നുണ്ട്. ചന്ദ്രശേഖർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് നവാഗതനായ സുമേദ് ആണ്. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിതിൻ ഷെട്ടി എഡിറ്റിംഗും റോണക്സ് സേവ്യർ മേക്കപ്പും സന്ദീപ് തുളസിദാസ് പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.

തമിഴ് പെൺകുട്ടിയെ മൽസരിച്ച് പ്രണയിച്ച് അർജുൻ അശോകനും സംഘവും; ‘തലവര’യിലെ ആദ്യഗാനം പുറത്ത്

71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടനായി ഷാരുഖ് ഖാനും വിക്രാന്ത് മാസെയും, നടി റാണി മുഖർജി