മാമന്നന് ശേഷം ഫഹദും വടിവേലുവും; ത്രില്ലർ ചിത്രം ‘മാരീസൻ’ നാളെ മുതൽ

‘മാമന്നൻ’ എന്ന ചിത്രത്തിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്ന ‘മാരീസൻ’ നാളെ (ജൂലൈ 25) ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ട്രാവലിംഗ് ത്രില്ലറാണ്.
സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസാണ്. പ്രശസ്ത നിർമ്മാണ കമ്പനിയുടെ 98-ാമത്തെ സംരംഭം എന്ന നിലയിലും ‘മാരീസൻ’ ശ്രദ്ധ നേടുന്നു. വി. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറുടെ ചുമതലയും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. E4 എക്സ്പെരിമെൻറ്സ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാരായി ചിത്രവുമായി സഹകരിക്കുന്നുണ്ട്.
‘മാമന്നനി’ൽ രാഷ്ട്രീയ എതിരാളികളായി എത്തിയ ഫഹദും വടിവേലുവും പുതിയൊരു കഥാപരിസരത്തിൽ ഒരുമിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. ഈ ആകാംഷയ്ക്ക് തെളിവെന്നോണം ചിത്രത്തിന്റെ ടീസർ ഇതിനോടകം 40 ലക്ഷത്തിലധികം കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഫഹദിനും വടിവേലുവിനുമൊപ്പം കോവൈ സരള, വിവേക് പ്രസന്ന, സിതാര, ലിവിംഗ്സ്റ്റൺ, ശരവണ സുബ്ബയ്യ എന്നിവരടങ്ങുന്ന വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കലൈസെൽവൻ ശിവാജി ഛായാഗ്രഹണവും ശ്രീജിത് സാരംഗ് എഡിറ്റിംഗും മഹേന്ദ്രൻ കലാസംവിധാനവും നിർവഹിക്കുന്നു. എ പി ഇന്റർനാഷണലാണ് ‘മാരീസൻ’ ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തിക്കുന്നത്.


