കൂമൻ ടീം വീണ്ടും; ആസിഫ് അലി – ജീത്തു ജോസഫ് ചിത്രവുമായി സോണി പിക്ചേഴ്സ്?
സൂപ്പർ ഹിറ്റായ കൂമൻ എന്ന ചിത്രത്തിന് ശേഷം വീണ്ടും ആസിഫ് അലിയെ നായകനാക്കി ചിത്രമൊരുക്കാൻ ജീത്തു ജോസഫ്. ഗ്രാമത്തിന്റെ പശ്‌ചാത്തലത്തിൽ നടക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയൊരുക്കിയ കൂമൻ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ഒടിടി ഹിറ്റ് ട്വൽത് മാൻ രചിച്ച കൃഷ്ണകുമാർ ആണ് കൂമൻ രചിച്ചത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഗിരി എന്ന് പേരുള്ള ഒരു പോലീസുകാരനായാണ് ആസിഫ് അലി വേഷമിട്ടത്.
ഇപ്പോഴിതാ ഈ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം നിർമ്മിക്കാൻ പോകുന്നത് സോണി പിക്ചേഴ്സ് ആയിരിക്കുമെന്നാണ് സൂചന. ജീത്തു ജോസഫിനൊപ്പം ബോളിവുഡിൽ ഒരുക്കാൻ പ്ലാൻ ചെയ്ത ചിത്രമാണ് സോണി പിക്ചേഴ്സ് ഇപ്പോൾ മലയാളത്തിൽ ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്നതെന്നാണ് വാർത്തകൾ പറയുന്നത്. അടുത്ത വർഷം മാർച്ച് മാസത്തോടെ ഈ ചിത്രം ആരംഭിക്കുമെന്നും സൂചനയുണ്ട്.
ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത് എന്നാണ് റിപ്പോർട്ട്. ജീത്തു ജോസഫിനൊപ്പം സഹരചയിതാവായി ഒരു ബോളിവുഡ് രചയിതാവും ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നു. ആസിഫ് അലി ചിത്രം കൂടാതെ മോഹൻലാൽ നായകനായ റാം സീരീസ്, മോഹൻലാൽ നായകനായ ദൃശ്യം 3 , ഫഹദ് ഫാസിൽ നായകനായ ഒരു ചിത്രം എന്നിവയും ജീത്തു കമ്മിറ്റ് ചെയ്തിട്ടുണ്ട്.
ഇപ്പോൾ തമാർ വി ഒരുക്കുന്ന ചിത്രത്തിൽ വേഷമിടുന്ന ആസിഫ് അലി, അതിന് ശേഷം ജനുവരിയിൽ രോഹിത് വി എസ് ഒരുക്കുന്ന ടികി ടാകയിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന. അതിനു ശേഷമായിരിക്കും അദ്ദേഹം ജീത്തു ജോസഫ് ചിത്രത്തിലേക്ക് കടക്കുക. ഏറെ പ്രതീക്ഷയുള്ള ഒരുപിടി വലിയ ചിത്രങ്ങൾ ആസിഫ് അലിയെ കാത്തിരിക്കുന്ന വർഷമാണ് 2025 .