കുസൃതി ചിരിയുമായി കുട്ടികൾക്ക് ഒപ്പം മോഹൻലാൽ; L360 ഇനി ‘തുടരും’…

മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. L360 എന്ന് താത്കാലികമായി പേര് നൽകിയിരുന്ന ചിത്രത്തിൻറെ ടൈറ്റിൽ തുടരും എന്നാണ്. ടൈറ്റിലിനൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.
ഒക്ടോബർ 31 ന് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം 2025 ജനുവരി അവസാന വാരമാകും ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. മോഹൻലാൽ പത്തനംതിട്ട റാന്നി സ്വദേശിയായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ഒരിടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിൽ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഫർഹാൻ ഫാസിൽ, ബിനു പപ്പു, മണിയൻ പിള്ള രാജു, ഇർഷാദ് തുടങ്ങി ഒരു മികച്ച താരനിര തന്നെ അണിനിരക്കുന്നുണ്ട്.
Proud to reveal the title of my upcoming project, 'Thudarum' directed by Tharun Moorthy, produced by M Renjith, under the banner of Rejaputhra Visual Media.#L360 #Thudarum@Rejaputhra_VM @talk2tharun #Shobana #MRenjith #KRSunil #ShajiKumar @JxBe #AvantikaRenjith pic.twitter.com/4Bqlul0TGv
— Mohanlal (@Mohanlal) November 8, 2024
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ്, കാമറ ചലിപ്പിച്ചത് ഷാജി കുമാർ എന്നിവരാണ്. അടുത്തിടെ അന്തരിച്ച നിഷാദ് യൂസഫ് ആയിരുന്നു ചിത്രത്തിൻ്റെ എഡിറ്റർ. ഇപ്പോൾ ഷഫീഖ് വി ബിയാണ് ചിത്രത്തിന്റെ പുതിയ എഡിറ്റർ ആയി ജോയിൻ ചെയ്തിരിക്കുന്നത്. ഓപ്പറേഷൻ ജാവ, ദേശീയ പുരസ്‍കാരം നേടിയ സൗദി വെള്ളക്ക എന്നിവക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമ ആണെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.
തരുൺ മൂർത്തി, കെ ആർ സുനിൽ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം ആശീർവാദ് റിലീസ് ആയിരിക്കും പ്രദർശനത്തിന് എത്തിക്കുക.