അടുത്തത് വലിയ ബജറ്റിൽ ഒരു ഹിസ്റ്റോറിക്കൽ പീരിഡ് ഡ്രാമ; ചിദംബരം വെളിപ്പെടുത്തുന്നു…

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ മഹാവിജയത്തോടെ മലയാള സിനിമയിൽ സ്വന്തമായ ഒരു സ്ഥാനം ഉണ്ടാക്കിയിരിക്കുകയാണ് ചിദംബരം എന്ന യുവസംവിധായകൻ. 2021 ഇൽ റിലീസ് ചെയ്ത ‘ജാൻ.എ.മൻ’ എന്ന കോമഡി ചിത്രമൊരുക്കിയാണ് ചിദംബരം അരങ്ങേറ്റം കുറിച്ചത്. ബേസിൽ ജോസഫ് നായകനായി എത്തിയ ഈ ചിത്രം സൂപ്പർ വിജയമാണ് നേടിയത്. ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം കോവിഡ് സാഹചര്യത്തിൽ പകുതി ആളുകളെ മാത്രം തീയേറ്ററിൽ കയറ്റാവുന്ന അവസ്ഥയിൽ ബോക്സ് ഓഫീസിൽ വിജയം നേടിയത്.
‘ജാൻ.എ.മൻ’ ന് ശേഷം അദ്ദേഹമൊരുക്കിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 2024 ഫെബ്രുവരി 22 നു റിലീസ് ചെയ്ത ഈ സർവൈവൽ ത്രില്ലർ ചിത്രം, അഭൂതപൂർവമായ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയുമാണ് നേടിയത്. ഇപ്പോഴിതാ മലയാളത്തിൽ നിന്ന് നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന നാലാമത്തെ മാത്രം ചിത്രമെന്ന ബഹുമതിയും മഞ്ഞുമ്മൽ ബോയ്സ് നേടി.
മഞ്ഞുമ്മൽ ബോയ്സിന്റെ പ്രചാരണാർത്ഥമായി നടത്തിയ ഒരു മാധ്യമ അഭിമുഖത്തിൽ തന്റെ അടുത്ത ചിത്രത്തെ കുറിച്ചും ചിദംബരം വെളിപ്പെടുത്തി. കേരളത്തിൽ നടന്ന ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ഒരു ഹിസ്റ്റോറിക്കൽ പീരീഡ് ഡ്രാമയായിരിക്കും അതെന്നാണ് ചിദംബരം പറയുന്നത്. ചിത്രത്തിന്റെ ജോലികളിലേക്ക് താൻ കടന്നിട്ടില്ലെന്നും വൈകാതെ അതിന്റെ രചനയുൾപ്പെടെയുള്ള ജോലികളിലേക്ക് വ്യാപൃതനാവുമെന്നും ചിദംബരം പറയുന്നു.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ഒരു ചിദംബരം ചിത്രം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. അതായിരിക്കും ഈ ഹിസ്റ്റോറിക്കൽ പീരീഡ് ഡ്രാമയെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതായാലും പ്രതിഭാശാലിയായ ഈ സംവിധായകനിൽ നിന്ന് ഇനിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കുകയാണ് ഇന്ന് മലയാള സിനിമാ ലോകവും സിനിമാ പ്രേമികളും.
Content Summary: Chidambaram Next to be a Historical Period Drama