“അത്യന്തം ദാരുണമായ സംഭവങ്ങളുടെ ദൃശ്യാവിഷ്‍കാരം”; ‘തങ്കമണി’ ട്രെയിലർ പുറത്ത്, റിലീസ് മാർച്ച് 7ന്..

മാർച്ച് 7-ന് തിയേറ്റർ റിലീസിന് തയ്യാറാകുന്ന ദിലീപ് ചിത്രമായ ‘തങ്കമണി’യുടെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ ‘ഉടലി’ന് ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്യുന്ന തങ്കമണി ദിലീപിൻറെ 148-ാം ചിത്രം കൂടിയാണ്. എൺപതുകളുടെ മധ്യത്തിൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ നടന്ന ഒരു ദാരുണ സംഭവത്തിൻറെ പുനരാവിഷ്കാരമായി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് 1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ പോലീസ് ലാത്തിച്ചാർജും വെടിവെപ്പും നടത്തിയ സംഭവങ്ങളുടെ ദൃശ്യാവിഷ്‍കാരമാണ് ചിത്രം. അത്യന്തം ദാരുണമായ ഈ സംഭവം എങ്ങനെയാണ് ഒരു നാടിനെ മുഴുവൻ ബാധിച്ചതെന്നും തുടർന്ന ചില ഞെട്ടിക്കുന്ന സംഭവങ്ങളെന്തൊക്കെ ആയിരുന്നെന്നുമാണ് സിനിമയുടെ പ്രമേയം എന്നാണ് വിവരം. ട്രെയിലർ കാണാം:
ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് നീത പിളള ആണ്. തെന്നിന്ത്യൻ താരം പ്രണിത സുഭാഷ് ആണ് മറ്റൊരു നായിക. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരാണ് മറ്റ് താരങ്ങൾ. വലിയ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്റ്റ്സുകളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
മനോജ് പിള്ള ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിന് വില്യം ഫ്രാൻസിസ് ആണ് സംഗീതം ഒരുക്കിയത്. മനു ജഗത് ആണ് കലാസംവിധാനം. സൂപ്പർ ഗുഡ് ഫിലിംസിൻറെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച തങ്കമണി മാർച്ച് 7 ന് ആണ് തിയേറ്ററുകളിൽ എത്തുക.
Content Highlight: Thankamani Trailer is out, Movie Releasing on March 7th.