in

തെലുങ്കിൽ നിന്ന് ദുൽഖറിന് വീണ്ടും പാൻ ഇന്ത്യൻ ചിത്രം; ‘ലക്കി ഭാസ്കർ’ ഫസ്റ്റ് ലുക്ക് എത്തി…

തെലുങ്കിൽ നിന്ന് ദുൽഖറിന് വീണ്ടും പാൻ ഇന്ത്യൻ ചിത്രം; ‘ലക്കി ഭാസ്കർ’ ഫസ്റ്റ് ലുക്ക് എത്തി…

മലയാളത്തിന്റെ യുവ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്കർ. ‘വാത്തി’ എന്ന സൂപ്പർ ഹിറ്റ് ധനുഷ് ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകൻ വെങ്കി അട്ലൂരി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തു വന്നു. ദുൽഖർ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ പന്ത്രണ്ടാം വാർഷിക ദിനത്തിലാണ് ഈ പോസ്റ്റർ റിലീസ് ചെയ്തത്. ഫോര്‍ച്യൂണ്‍ ഫയര്‍ സിനിമാസിന്റെ ബാനറിൽ സിതാര എന്റെര്‍റ്റൈന്മെന്റ്‌സും നാഗ വംശി,സായി സൗജന്യാ എന്നിവരും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, ക്ലീൻ ഷേവ് ചെയ്ത മുഖവുമായി വിന്റേജ് ലുക്കിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ലുക്കിൽ ഒരു കണ്ണടയും വെച്ച് കൊണ്ട് നോട്ടു കെട്ടുകൾക്കിടയിലൂടെ നടന്നു വരുന്ന ദുൽഖർ സൽമാനെയും ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കും. സീതാ രാമം എന്ന ബ്ലോക്ക്ബസ്റ്ററിനു ശേഷം ദുൽഖർ നായകനായി എത്തുന്ന തെലുങ്ക് ചിത്രം കൂടിയാണ് ലക്കി ഭാസ്കർ.

1990-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഒരു ബാങ്കിലെ കാഷ്യർ നേരിടുന്ന വെല്ലുവിവിളികളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നും മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു കാഷ്യറായാണ് ദുൽഖർ സൽമാൻ വേഷമിടുന്നതെന്നും വാർത്തകൾ വന്നിരുന്നു. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായാണ് റിലീസ് ചെയ്യുകയെന്ന് ദുൽഖർ സൽമാൻ അറിയിച്ചു. ജി വി പ്രകാശ് കുമാറാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് നവീൻ നൂലിയാണ്. 2012 ഇൽ ഇതേ ദിവസമാണ് ദുൽഖർ ആദ്യമായി അഭിനയിച്ച സെക്കന്റ് ഷോ എന്ന ചിത്രം റിലീസ് ചെയ്തത്.

“ഇനി രാഷ്ട്രീയം, 69 എണ്ണി സിനിമ അവസാനിപ്പിക്കുന്നു?”; ദളപതിയുടെ അടുത്ത ചുവട്…

ആക്ഷൻ മോഡിൽ ആസിഫ്, ആർത്തിരമ്പി ജനം; ‘ടിക്കി ടാക്ക’ പ്രോമോ വീഡിയോ പുറത്ത്…