in

“ഇനി രാഷ്ട്രീയം, 69 എണ്ണി സിനിമ അവസാനിപ്പിക്കുന്നു?”; ദളപതിയുടെ അടുത്ത ചുവട്…

“ഇനി രാഷ്ട്രീയം, 69 എണ്ണി സിനിമ അവസാനിപ്പിക്കുന്നു?”; ദളപതിയുടെ അടുത്ത ചുവട്…

തമിഴകത്തിന്റെ സൂപ്പർ താരം ദളപതി വിജയ് രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. തമിഴക വെട്രി കഴകം എന്ന പേരിൽ തന്റെ രാഷ്ട്രീയ പാർട്ടി ഔദ്യോഗികമായി തന്നെ രജിസ്റ്റർ ചെയ്ത വിവരം പുറത്ത് വിട്ടതും വിജയ് തന്നെയാണ്. ഏറെ നാളായി നടന്നുകൊണ്ടിരുന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് വിജയ് ഇന്ന് ഈ വിവരം പുറത്ത് വിട്ടത്.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഇപ്പോൾ തമിഴ്‌നാട്ടിലെ ജനങ്ങൾക്കിടയിലും അദ്ദേഹത്തിന്റെ ആരാധകരുടെ ഇടയിലും വമ്പൻ ചർച്ചയായി കഴിഞ്ഞു. വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് ഈ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത്. പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ അപ്ലിക്കേഷൻ റിലീസ് ചെയ്യുമെന്നും അതിലൂടെ ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് പ്ലാൻ ചെയ്യുന്നതെന്നും വാർത്തകൾ വരുന്നുണ്ട്.

ഈ വർഷം നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കില്ല എന്നും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാകും പാർട്ടി മത്സരിക്കുകയെന്നും വിജയ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ അദ്ദേഹം വെളിപ്പെടുത്തി. ഈ വർഷം ഏപ്രിൽ മാസത്തിലാകും പാർട്ടിയുടെ ആദ്യ സമ്മേളനം നടക്കുകയെന്നാണ് സൂചന. ജാതിമത ഭിന്നതയും അഴിമതിയും നിലനിൽക്കുന്ന അവസ്ഥയെ പൂർണമായും തന്റെ പാർട്ടി ഇല്ലാതാക്കുമെന്നാണ് വിജയ് പറയുന്നത്.

ഇതിനോടകം കമ്മിറ്റ് ചെയ്ത സിനിമകൾ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും വിജയ് സൂചിപ്പിച്ചു. തന്റെ അറുപത്തിയൊമ്പതാം ചിത്രത്തിന് ശേഷം വിജയ് അഭിനയം നിർത്തുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇപ്പോൾ വെങ്കട് പ്രഭു ഒരുക്കുന്ന ഗോട്ട് എന്ന ചിത്രത്തിൽ അഭിനയിക്കുന്ന വിജയ്‌യുടെ അടുത്ത ചിത്രം ഒരുക്കുന്നത് കാർത്തിക് സുബ്ബരാജ് ആണെന്നും വാർത്തകളുണ്ട്.

“ഇത് കൊണ്ടൊന്നും പരാജയപ്പെടില്ല”; വ്യാജ പ്രചാരണത്തിനെതിരെ തുറന്നടിച്ച് ഉണ്ണി മുകുന്ദൻ

തെലുങ്കിൽ നിന്ന് ദുൽഖറിന് വീണ്ടും പാൻ ഇന്ത്യൻ ചിത്രം; ‘ലക്കി ഭാസ്കർ’ ഫസ്റ്റ് ലുക്ക് എത്തി…