in

ഇന്ന് രാജ്യം കണ്ട ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാൾ; വെള്ളിത്തിരയിൽ 22 വയസ്സ് തികച്ച് അല്ലു അർജുൻ…

ഇന്ന് രാജ്യം കണ്ട ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാൾ; വെള്ളിത്തിരയിൽ 22 വയസ്സ് തികച്ച് അല്ലു അർജുൻ…

തെലുങ്ക് സിനിമയുടെ സ്വന്തം ഐക്കൺ സ്റ്റാർ, ആരാധകരുടെ പ്രിയപ്പെട്ട ബണ്ണി, അല്ലു അർജുൻ വെള്ളിത്തിരയിൽ തൻ്റെ 22 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. ഒരുപിടി സ്വപ്നങ്ങളുമായി വെള്ളിത്തിരയിലേക്ക് കാലെടുത്തുവെച്ച ആ ചെറുപ്പക്കാരൻ, ഇന്ന് രാജ്യം കണ്ട ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി വളർന്നിരിക്കുന്നു. ഈ വളർച്ചയുടെ പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനവും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവുമുണ്ട്. അല്ലു അർജുൻ സമ്മാനിച്ച ഓരോ കഥാപാത്രവും തെലുങ്ക് സിനിമാ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. അഭിനയ മികവും അസാമാന്യമായ നൃത്തച്ചുവടുകളും അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാക്കി മാറ്റി.

ബാലതാരമായി സിനിമയിൽ എത്തിയെങ്കിലും 2003-ൽ പുറത്തിറങ്ങിയ ‘ഗംഗോത്രി’ എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ നായകനായി അരങ്ങേറ്റം കുറിച്ചത്. കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ഈ പ്രണയ ചിത്രം അല്ലുവിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. എന്നാൽ 2004-ൽ സുകുമാർ സംവിധാനം ചെയ്ത ‘ആര്യ’ എന്ന ചിത്രമാണ് അല്ലു അർജുൻ എന്ന താരത്തെ അടയാളപ്പെടുത്തിയത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെ ബാനറിൽ ദിൽ രാജു നിർമ്മിച്ച ഈ സിനിമയിൽ അനുരാധ മേത്ത, ശിവ ബാലാജി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റാവുകയും സിനിമ ബോക്സോഫീസിൽ വലിയ വിജയം നേടുകയും ചെയ്തു.

‘ബണ്ണി’, ‘ഹാപ്പി’, ‘ആര്യ 2’, ‘വേദം’, ‘ബദ്രിനാഥ്’, ‘ജൂലായ്’, ‘റേസ് ഗുറാം’, ‘രുദ്രമാദേവി’, ‘ഡി ജെ’, ‘നാ പേരു സൂര്യ’, ‘അല വൈകുണ്ഡപുരമുലു’, ‘പുഷ്പ’ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അല്ലു തൻ്റെ കഴിവ് തെളിയിച്ചു. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ അല്ലുവിന് സാധിച്ചു. തെലുങ്ക് നടനാണെങ്കിലും കേരളത്തിലും അല്ലുവിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. അദ്ദേഹത്തിൻ്റെ സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് എത്തിയപ്പോൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ മലയാളി പ്രേക്ഷകർ തയ്യാറായിരുന്നു. അങ്ങനെ അല്ലു അർജുൻ മലയാളികളുടെ സ്വന്തം ‘മല്ലു അർജുൻ’ ആയി മാറി.

സുകുമാർ-അല്ലു അർജുൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘പുഷ്പ’യും അതിന്റെ തുടർച്ചയായി എത്തിയ ‘പുഷ്പ 2’ വും ഇന്ത്യൻ സിനിമയിൽ തന്നെ വലിയ തരംഗം സൃഷ്ടിച്ചപ്പോൾ പാൻ ഇന്ത്യൻ സൂപ്പർതാരം എന്ന നിലയിൽ അല്ലു അർജുൻ വളരുകയായിരുന്നു. ഇപ്പോൾ പുഷ്പയുടെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യ ഒട്ടാകെയുള്ള ആരാധകർ. സിനിമാ ലോകത്ത് 22 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ അല്ലു അർജുൻ്റെ പുതിയ പ്രഖ്യാപനത്തിനായി ലോകമെമ്പാടുമുള്ള ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകായാണ്.

വിവിധ ഇടങ്ങളിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഓപ്പണിംഗ് റെക്കോർഡുകൾ തിരുത്തി മലയാളത്തിൻ്റെ എമ്പുരാൻ; കണക്കുകൾ ഇങ്ങനെ…

എമ്പുരാൻ കൊടുങ്കാറ്റ് തുടരുന്നു, ചിത്രത്തിലെ രണ്ടാം ഗാനം ‘കാവലായി ചേകവർ’ പുറത്തിറങ്ങി!