തിങ്കളാഴ്ച നിശ്ചയം സംവിധായകന്റെ ‘1744 വൈറ്റ് ഓൾട്ടോ’ വരുന്നു; ടീസർ ശ്രദ്ധേയമാകുന്നു…

ഒടിടി റിലീസ് ആയി എത്തിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന കുഞ്ഞു ചിത്രം പ്രേക്ഷകര്‍ക്ക് ഇടയില്‍ സൃഷ്ടിച്ചത് വമ്പൻ തരംഗം തന്നെ ആയിരുന്നു. പുതുമുഖ അഭിനേതാക്കളെ വെച്ച് ഈ ചിത്രം ഒരുക്കിയ സെന്ന ഹെഗ്ഡേ അദ്ദേഹത്തിന്റെ പുതിയ ചിത്രവുമായി എത്തുക ആണ്. ‘1744 വൈറ്റ് ഓൾട്ടോ’ എന്ന സെന്ന ഹെഗ്‌ഡേയുടെ പുതിയ ചിത്രത്തിൽ ഷറഫുദ്ദീൻ ആണ് നായകൻ. സംവിധായകൻ സെന്ന ഹെഗ്‌ഡേയും ശ്രീജിത്ത് രവീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രം ഒരു കോമഡി ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിട്ടുണ്ട്.
വടക്കൻ കേരളത്തിലെ ഒരു സ്ഥലത്തെ പശ്ചാത്തലമാക്കി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിജയൻ എന്ന ഒരു സാധാരണക്കാരന്‍ ഒരു തെറ്റായ ഐഡന്റിറ്റിയുടെ പേരില്‍ കേസില്‍ അകപ്പെടുന്നു. വിജയന്‍റെ കാർ രണ്ട് ചെറുകിട തട്ടിപ്പുകാരായ എബിയും കണ്ണനും ചേർന്ന് കൈമാറ്റം ചെയ്യപ്പെടുകയാണ്. മഹേഷും സംഘവും അടങ്ങുന്ന പോലിസുകാര്‍ ഇതിനു പിന്നാലെ പരക്കം പായുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന്‍റെ പ്ലോട്ട്. നർമ്മവും ആക്ഷേപഹാസ്യവും സസ്പെൻസും നിറയുന്ന കഥ ഒരു അപ്രതീക്ഷിത ക്ലൈമാക്സോടെ ചിത്രം അവസാനിക്കും.
ഷറഫുദ്ധീന് ഒപ്പം രാജേഷ് മാധവൻ, വിൻസി അലോഷ്യസ്, ആനന്ദ് മന്മഥൻ, നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, സജിൻ ചെറുകയിൽ, ആര്യ സലിം, ജോജി ജോൺ, നിൽജ കെ ബേബി, രഞ്ജി കാങ്കോൽ, സ്മിനു സിജോ തുടങ്ങിയര്‍ ആണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.