ഹോളിവുഡ് ഫീൽ നൽകി ‘ട്വൽത്ത് മാൻ’ ടൈറ്റിൽ സോങ്ങ്…
ബ്ലോക്ക്‌ബസ്റ്റർ ഹിറ്റ് കൂട്ട്കെട്ട് ആയ മോഹൻലാൽ – ജീത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്ന ‘ട്വൽത്ത് മാൻ’ എന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ നോക്കി കാണുന്നത്. ത്രില്ലർ എന്ന ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറും പ്രോമോ വീഡിയോകളും എല്ലാം വളരെ ശ്രദ്ധേയമാകുകയും ചെയ്യുന്നുണ്ട്. മൂന്ന് ദിവസങ്ങൾ മാത്രം റിലീസിന് ബാക്കി നിൽക്കെ ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങ് ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.
ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങ് ഇംഗ്ലീഷ് ഭാഷയിൽ ആണ് ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ഇംഗ്ളീഷ് ലിറിക്‌സിന് ഒപ്പം അതിനൊത്ത സംഗീതം കൂടി ചേരുമ്പോൾ ഹോളിവുഡ് ഫീൽ തന്നെ ഗാനം നൽകുന്നുണ്ട്. ഫൈൻഡ് എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ഗാനത്തിന്റെ വീഡിയോ കാണാം:
അനിൽ ജോൺസൺ ഈണം പകര്‍ന്ന ഗാനത്തിന്‍റെ വരികൾ രചിച്ചത് വിനായക് ശശികുമാർ ആണ്. ഗാനം ആലപിച്ചത് സൗപർണിക രാജ്ഗോപാൽ. കെ ആർ കൃഷ്ണ കുമാറിന്റെ തിരക്കഥയിൽ ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതും അനിൽ ജോൺസണാണ്. ഈ ചിത്രത്തില്‍ മോഹൻലാലിനെ കൂടാതെ ഉണ്ണി മുകുന്ദൻ, ശിവദ, അനുശ്രീ, അനു സിത്താര, സൈജു കുറുപ്പ്, രാഹുൽ മാധവ്, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, അനു മോഹൻ, ചന്തുനാഥ്, നന്ദു, പ്രദീപ് ചന്ദ്രൻ തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു. ട്വൽത്ത് മാന്‍റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുമ്പോള്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് വി എസ് വിനായക് ആണ്. ചിത്രം മേയ് 20ന് ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എത്തും.