‘ഒരു നായയ്ക്ക് ഒരാളെ ഇത്രയും സ്നേഹിക്കാന്‍ ആവുമോ’; ‘777 ചാർലി’ ട്രെയിലർ…
‘കെജിഎഫ് ചാപ്റ്റർ 2’ എന്ന ചരിത്ര വിജയ ചിത്രത്തിന് ശേഷം കന്നഡ സിനിമയിൽ നിന്ന് മറ്റൊരു ചിത്രം കൂടെ പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കാന്‍ എത്തുകയാണ്. കെജിഎഫ് പോലെ മലയാളത്തിലേക്ക് ഈ ചിത്രവും എത്തിക്കുന്നത് നടൻ പൃഥ്വിരാജ് ആണ്. ‘777 ചാർലി’ എന്ന രക്ഷിത് ഷെട്ടി ചിത്രമാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് കേരളത്തിൽ എത്തിക്കുന്ന ചിത്രം. ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ട്രെയിലറും പൃഥ്വിരാജ് പ്രൊഡക്ഷൻസ് പുറത്തുവിട്ടിട്ടുണ്ട്.
കിരൺരാജ് കെ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ധർമ്മ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ രക്ഷിത് ഷെട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്നത് വളരെ വ്യക്തമായി തന്നെ ട്രെയിലർ കാട്ടി തരുന്നുണ്ട്. ട്രെയിലർ കാണാം:
രക്ഷിത് ഷെട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ഒരു നായ എത്തുന്നതും അത് ഉണ്ടാക്കുന്ന പ്രശ്നങ്ങളും പിന്നീട് അവർ തമ്മിൽ ഉണ്ടാകുന്ന ശക്തമായ ബന്ധവും എല്ലാം ട്രെയിലറിൽ മിന്നിമായുന്നുണ്ട്. വൈകാരികമായി പ്രേക്ഷകരെ വളരെയധികം ചിത്രം കണക്ക്റ്റ് ചെയ്യും എന്നത് ആണ് ട്രെയിലർ ഉറപ്പ് നൽകുന്നത്.
മലയാളം, കന്നഡ കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. സംഗീത ശൃംഗേരി, രാജ് ബി ഷെട്ടി, ബോബി സിംഹ, ഡാനിഷ് സെയ്ത് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജി എസ് ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജൂൺ 10ന് ചിത്രം തിയേറ്ററുകളില്‍ എത്തും.