താരപകിട്ടോടെ ‘ട്വൽത്ത് മാൻ’; ശ്രദ്ധേയമായി ക്യാരക്റ്റർ പോസ്റ്ററുകൾ…
ദിവസങ്ങൾക്ക് മുൻപാണ് മോഹൻലാൽ – ജീത്തു ജോസഫ് ടീമിന്റെ ‘ട്വൽത്ത് മാൻ’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മെയ് 20ന് ആണ് എത്തുക. നായകൻ മോഹൻലാലിന് ഒപ്പം വലിയ ഒരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ താരങ്ങളുടെ ക്യാരക്റ്റർ പോസ്റ്ററുകൾ ഓരോന്നായി പുറത്തുവിടുകയാണ് അണിയറപ്രവർത്തകർ.
ഇപ്പോൾ ഏഴ് ക്യാരക്റ്റർ പോസ്റ്ററുകൾ ആണ് ടീം പുറത്തുവിട്ടിരിക്കുന്നത്. സൈജു കുറുപ്പ്, പ്രിയങ്ക നായർ, ഉണ്ണി മുകുന്ദൻ, ശിവദ, രാഹുൽ മാധവ്, അനുശ്രീ, ചന്തുനാഥ് എന്നിവരുടെ പോസ്റ്ററുകൾ ആണ് റിലീസ് ചെയ്തത്.
മാത്യു എന്ന കഥാപാത്രത്തെ ആണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്. ആനി ആയി പ്രിയങ്ക നായർ എത്തുമ്പോൾ ഡോക്ടർ നയനയെ ശിവദ അവതരിപ്പിക്കുന്നു. ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ പേര് സക്കറിയ എന്നാണ്. സാം ആയി രാഹുൽ മാധവ് എത്തുന്നു. അനുശ്രീയും ചന്തുനാഥും യഥാക്രമം ഷൈനിയായും ജിതേഷായും എത്തുന്നു. മോഹൻലാലിന്റെ ഉൾപ്പെടെയുള്ള മറ്റ് താരങ്ങളുടെ ക്യാരക്റ്റർ പോസ്റ്ററുകൾ വരും ദിവസങ്ങളിൽ എത്തും.
ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ‘ട്വൽത്ത് മാൻ’ മോഹൻലാൽ – ജീത്തു ടീമിന്റെ നാലാമത്തെ ചിത്രമാണ്. ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളും കോവിഡ് പ്രതിസന്ധി കാരണം താൽക്കാലികമായി ഷൂട്ടിങ്ങ് നിർത്തിവെച്ച ‘റാം’, എന്നിവയാണ് ഈ ടീമിന്റെ മറ്റ് ചിത്രങ്ങൾ. കെ ആർ കൃഷ്ണകുമാർ ആണ് ട്വൽത്ത് മാനിന് തിരക്കഥ ഒരുക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന് സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. അനിൽ ജോൺസൺ സംഗീതവും വിനായക് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.