“എഴുതി വെച്ചതല്ല എടുത്തത്, പൊട്ടും എന്ന് വിചാരിച്ച പടം ഹിറ്റ് ആയി”, ധ്യാൻ ‘ലവ് ആക്ഷൻ ഡ്രാമ’യെ കുറിച്ച് പറയുന്നു…

നിവിൻ പോളി, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ ഒരുക്കിയ ചിത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമ’. 2019ൽ പുറത്തിറങ്ങിയ ചിത്രം തീയേറ്ററുകളിൽ വലിയ വിജയം ആകുകയും ചെയ്തു. എന്നാൽ ആ വിജയം ഒട്ടും തന്നെ പ്രതീക്ഷിക്കാത്തത് ആയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുക ആണ് ധ്യാൻ ശ്രീനിവാസൻ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആണ് ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തെ കുറിച്ച് സംസാരിച്ചത്.
ചില ചിത്രങ്ങളുമായി നിർമ്മാതാക്കൾ തന്നെ സമീപിക്കുമ്പോൾ തന്നെ തനിക്ക് ഇഷ്ടപ്പെട്ടില്ല എന്നും ചിലപ്പോൾ ഓടില്ല എന്നുമൊക്കെ പറയാറുണ്ട് എന്ന് ധ്യാൻ വെളിപ്പെടുത്തി. എന്നാൽ അവർ നിർബന്ധിക്കുമ്പോൾ ചെയ്തു കൊടുത്ത പടങ്ങളും ഉണ്ട്. അങ്ങനെ ചെയ്ത പടങ്ങൾ മിക്കപ്പോഴും ഓടീട്ടില്ല എന്നും കാൽക്കുലേഷൻ തെറ്റാറില്ല എന്നും ധ്യാൻ പറയുന്നു.
ഓടില്ല എന്ന് വിചാരിക്കുകയും എന്നാൽ അത്യാവശ്യം പൈസ കിട്ടിയതുമായ പടം ‘ലവ് ആക്ഷൻ ഡ്രാമ’ ആയിരിക്കും എന്ന്ധ്യാന്‍ ഓര്‍ത്തെടുക്കുന്നു. തീയേറ്ററിൽ പൊട്ടി പൊളിഞ്ഞു പോകുമല്ലോ എന്ന് വിചാരിച്ചൊരു പടമാണ് അതെന്നും ഇന്റർവെൽ വരെ ഇരുന്ന് കണ്ടപ്പോൾ എന്തുവാ ഈ എടുത്തു വെച്ചിരിക്കുന്നെ എന്ന് തനിക്ക് തന്നെ തോന്നിപ്പോയി എന്നും ധ്യാൻ പറയുന്നു. എഴുതി വെച്ചതും ഷൂട്ട് ചെയ്തതും വേറെ വേറെ ആണെന്നും പല പ്രശ്നങ്ങൾ ഉണ്ടായിട്ടും ആ സിനിമ ഓടി എന്നും അതിന് മേജർ ഫാക്ടർ ആയത് നിവിൻ-നയൻതാര കോമ്പിനേഷനും പാട്ടും ഒക്കെ ആണെന്നും ധ്യാൻ കൂട്ടിച്ചേർത്തു. ആ പടം ഇഷ്ടപ്പെട്ട കുറേപേര് ഉണ്ട് എന്നും അതേപോലെ ഇഷ്ടപ്പെടാത്ത ഒരുപാട് ആൾക്കാർ തെറിയും പറഞ്ഞിട്ടുണ്ട് എന്നും ധ്യാൻ പറയുന്നു. ഇഷ്ടപ്പെടാത്ത ആളുകളിൽ ആദ്യത്തെ ആള് താൻ തന്നെ ആയിരിക്കും എന്നും ധ്യാൻ തമാശയായി പറയുന്നു.