“വിവാഹ വാർഷികമായി, ഇനി ഒരു ഫാമിലി ട്രിപ്പ്”; ‘ഗുണ്ടജയൻ 2’ വരുന്നു?

സൈജു കുറുപ്പിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ ‘ഉപചാരപൂർവ്വം ഗുണ്ടജയൻ’ എന്ന ചിത്രം റിലീസ് ചെയ്തിട്ട് ഒരു വർഷം തികയുകയാണ്. പ്രേക്ഷകരെ ചിരിപ്പിച്ച ഈ ചിത്രത്തിലെ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. റിലീസ് ആയി ഒരു വർഷം പിന്നിടുമ്പോൾ ദുൽഖർ സൽമാൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഒരു സ്‌പെഷ്യൽ പോസ്റ്റർ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം തികയുന്നു, ഇനി ഒരു ഫാമിലി ട്രിപ്പ് പോയാലോ’ എന്ന ക്യാപ്ഷനോട് ആണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ഗുണ്ടജയൻ 2 എന്ന് ടൈറ്റിൽ നൽകി ഒരു ചോദ്യ ചിഹ്നവും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻപേ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗത്തിന്റെ പ്ലോട്ടിന്റെ സൂചനയാണ് ഈ പോസ്റ്ററിലൂടെ ഇപ്പോൾ നൽകിയിരിക്കുന്നത് എന്ന് കരുതാം. ജയൻ എന്ന കഥാപാത്രത്തെ ആയിരുന്നു സൈജു ചിത്രത്തിൽ അവതരിപ്പിച്ചത്. ഗുണ്ടജയന്റെ അനന്തരവളുടെ വിവാഹ ചടങ്ങിനിടെ നടന്ന രസകരമായ സംഭവങ്ങളും തുടർന്ന് അവസാനത്തെ ഒരു സർപ്രൈസ് ട്വിസ്റ്റും ആയിരുന്നു ആദ്യ സിനിമയുടെ പ്രധാന ഹൈലൈറ്റായി മാറിയത്. രണ്ടാം ചിത്രം ഇവരുടെ ഒരു ഫാമിലി ട്രിപ്പ് ആണെന്ന് കരുതാം.
രാജേഷ് വർമ്മ ആയിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സൈജു കുറുപ്പിനെ കൂടാതെ സിജു വിൽസൺ, ശബരീഷ് വർമ്മ, ജോണി ആന്റണി, സാഗർ സൂര്യ, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി തുടങ്ങിയവർ ആയിരുന്നു മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഒടിടിയിൽ ആമസോണിന്റെ പ്രൈം വീഡിയോയിൽ ആയിരുന്നു ചിത്രം റിലീസ് ആയത്.