മോഹൻലാൽ ചിത്രമൊരുക്കാൻ വിപിൻ ദാസ്; നിർമ്മിക്കാൻ ഷിബു ബേബി ജോൺ
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ് ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാവുന്നു എന്ന് റിപ്പോർട്ടുകൾ. ജോൺ ആൻഡ് മേരി ക്രീയേറ്റീവ് എന്ന ബാനറിൽ ഷിബു ബേബി ജോൺ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നാണ് വാർത്തകൾ പറയുന്നത്.
മലൈക്കോട്ടൈ വാലിബൻ എന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ഷിബു ബേബി ജോൺ നിർമ്മിക്കുന്ന ചിത്രമായിരിക്കും വിപിൻ ദാസ് പ്രൊജക്റ്റ്. വേല എന്ന ഷെയ്ൻ നിഗം- സണ്ണി വെയ്ൻ ചിത്രം സംവിധാനം ചെയ്ത ശ്യാം ശശി ഒരുക്കുന്ന മോഹൻലാൽ ചിത്രവും ഷിബു ബേബി ജോൺ പ്ലാൻ ചെയ്യുന്നതായി സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിക്കുന്നുണ്ട്.
യുവതാരം ആന്റണി വർഗീസ് നായകനായ ദാവീദ് ആണ് ഷിബു ബേബി ജോൺ ഇപ്പോൾ നിർമ്മിച്ച് കൊണ്ടിരിക്കുന്ന ചിത്രം. മോഹൻലാലിനെ നായകനാക്കി ജിത്തു മാധവൻ ഒരുക്കുന്ന ചിത്രത്തിന് ശേഷമായിരിക്കും വിപിൻ ദാസ്- മോഹൻലാൽ ചിത്രം ആരംഭിക്കുകയെന്നും സൂചനയുണ്ട്. പൃഥ്വിരാജ് നായകനായ സന്തോഷ് ട്രോഫി, ഫഹദ് ഫാസിൽ- എസ് ജെ സൂര്യ ടീം ഒന്നിക്കുന്ന ചിത്രം എന്നിവയും തന്റെ സംവിധാനത്തിൽ വിപിൻ ദാസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത് കൂടാതെ അദ്ദേഹം തിരക്കഥ രചിക്കുന്ന വാഴ 2 എന്ന ചിത്രവും ജനുവരിയിൽ ആരംഭിക്കും.സവിൻ എസ്.എ ആണ് വാഴ 2 സംവിധാനം ചെയ്യുക. വാഴ 2 ന്റെ നിർമ്മാണവും വിപിൻ ദാസ് ആണ്. നവാഗതനായ വിപിന്‍ എസ് രചിച്ചു സംവിധാനം ചെയ്യുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ എന്ന സിജു സണ്ണി- അനശ്വര രാജന്‍ ചിത്രവും വിപിൻ ദാസ് നിർമ്മിക്കുന്നുണ്ട്. സത്യൻ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂർവമാണ് പുതുവർഷത്തിൽ മോഹൻലാൽ ആദ്യം ജോയിൻ ചെയ്യുന്ന ചിത്രം.