തല-ദളപതി ബോക്‌സ്ഓഫീസ് പോരാട്ടം പൊങ്കലിന്; സ്ക്രീനുകൾ തുല്യമായി പങ്കിടും…
തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളാണ് ദളപതി വിജയും തല അജിത്ത് കുമാറും. സൈബർ ലോകത്ത് ഉൾപ്പെടെ വലിയ മത്സരങ്ങൾ ആണ് ഇരു താരങ്ങളുടെയും ആരാധകർക്കിടയിൽ ഉള്ളത്. ആ ആവേശം ഈ വരുന്ന പൊങ്കലിൽ ഇരട്ടിയാകും എന്നത് തീർച്ച. കാരണം, ഇരു താരങ്ങളുടെയും ചിത്രങ്ങൾ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസ് ക്ലാഷിന് ഒരുങ്ങുക ആണ്. വിജയുടെ വാരിസ് എന്ന ചിത്രവും അജിത്തിന്റെ തുനിവ് എന്ന ചിത്രവും ആണ് ഈ വരുന്ന പൊങ്കൽ സീസണിൽ തിയേറ്ററുകളിൽ എത്തുക. ഒരേ സമയം തീയേറ്ററുകളിൽ രണ്ട് വമ്പൻ ചിത്രങ്ങൾ എത്തുന്നതിനാൽ തിയേറ്ററുകൾ പങ്കിടുക എങ്ങനെയാകും എന്നത് സംബന്ധിച്ച് പോലും ആരാധകർക്ക് ഇടയിൽ ഫാൻ ഫൈറ്റുകൾ നടക്കുന്നുണ്ട്. ഇക്കാര്യം സംബന്ധിച്ചു ഇരു താരങ്ങളുടെ ആരാധകർക്കും സന്തോഷകരമാകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഇരു ചിത്രങ്ങൾക്കും തുല്യമായി തന്നെ തിയേറ്ററുകൾ ലഭ്യമാക്കും എന്ന് വെളിപ്പെടുത്തൽ ആണ് പുറത്തുവന്നിരിക്കുന്നത്. നടനും നിർമ്മാതാവും വിതരണക്കാരനുമായ ഉദയ്നിധി സ്റ്റാലിൻ ആണ് തമിഴ് നാട്ടിൽ ഈ രണ്ട് ചിത്രങ്ങളും വിതരണത്തിന് എടുത്തിരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങൾക്കും തുല്യമായി തിയേറ്ററുകൾ വീതിച്ചു നൽകും എന്ന് ഉദയ്നിധി ഒരു വാർത്താസമ്മേളനത്തിൽ അറിയിച്ചിരിക്കുക ആണ്. 9 വർഷങ്ങൾക്ക് ശേഷമാണ് വിജയ് അജിത്ത് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നത്. ജില്ല, വീരം എന്നീ ചിത്രങ്ങൾ ആയിരുന്നു അന്ന് ഒരേ ദിവസം തിയേറ്ററുകളിൽ എത്തിയത്. തെലുങ്ക് സംവിധായകൻ വംശി ആണ് വിജയുടെ വാരിസ് സംവിധാനം ചെയ്യുന്നത്. വലിമൈ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അജിത്തിന്റെ തുനിവ്. ബോണി കപൂർ നിർമ്മിക്കുന്ന ഈ ചിത്രം എച്ച് വിനോദ് ആണ് സംവിധാനം ചെയ്യുന്നത്.