ധനുഷിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ‘വാത്തി’ ഇനി ഒടിടിയിൽ; റിലീസ് വിവരങ്ങൾ പുറത്ത്…
തമിഴിലും തെലുങ്കിലും ഒരേ പോലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് സ്റ്റാറ്റസ് ആണ് ധനുഷ് നായകനായ ഏറ്റവും പുതിയ ചിത്രമായ വാത്തി നേടിയിരിക്കുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ഈ ചിത്രം 100 കോടിയിലധികം കളക്ഷൻ ബോക്സ് ഓഫീസിൽ നിന്ന് നേടി പ്രദർശനം തുടരുകയാണ്. ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരുന്നു. ദ്വിഭാഷ ചിത്രമായ വാത്തിയുടെ തെലുങ്ക് പതിപ്പ്
സർ എന്ന പേരിൽ ആയിരുന്നു റിലീസ് ചെയ്തത്. ഇപ്പോളിതാ ഒരു മാസം പിന്നിടുമ്പോൾ ചിത്രം ഒടിടി റിലീസിനും തയ്യാറായിരിക്കുകയാണ്.
മാർച്ച് 17ന് ചിത്രം ഒടിടിയിൽ എത്തും. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്‌സിൽ ആണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു നെറ്റ്ഫ്ലിക്‌സ് പോസ്റ്ററുകളും പുറത്തിറക്കിയിട്ടുണ്ട്. സർക്കാർ സ്‌കൂളുകളുടെ സ്വകാര്യവൽക്കരണം തടയാൻ ശ്രമിക്കുന്ന ഒരു അദ്ധ്യാപകന്റെ സമരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സംയുക്ത മേനോൻ ആയിരുന്നു ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തിയത്.
സായ് കുമാർ, സമുദ്രക്കനി, തണികേള ഭരണി, ആടുകളം നരേൻ , തോട്ടപ്പള്ളി മധു, കെൻ കരുണാസ് , സുമന്ത്, ഭാരതിരാജ തുടങ്ങിയവർ ആയിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് മാത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 50 കോടിയിലധികം കളക്ഷൻ ആണ്. ചിത്രത്തിലെ ഗാനങ്ങളും വമ്പൻ ഹിറ്റ് ആയി മാറിയിരുന്നു. ജി വി പ്രകാശ് ആയിരുന്നു ഗാനങ്ങൾ ഒരുക്കിയത്. തിയേറ്റർ റിലീസ് ആയി ഒരു മാസം പിന്നിട്ടതിന് ശേഷം ഒടിടി റിലീസ് ആയി എത്തുമ്പോളും ചിത്രം വിജയം ആവർത്തിക്കും എന്ന് പ്രതീക്ഷിക്കാം. ട്രെയിലർ: