2025-ൽ പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ തമിഴ് സിനിമാ ലോകം; പ്രതീക്ഷ നല്കുന്ന 5 തമിഴ് റിലീസുകൾ ഇതാ…

പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ ഒരുങ്ങുകയാണ് തമിഴ് സിനിമ ലോകം. ആകർഷകമായ കഥകളും ശക്തമായ പ്രകടനങ്ങളുമൊക്കെയായി നിരവധി ചിത്രങ്ങൾ 2025-ൽ റിലീസിനൊരുങ്ങുമ്പോൾ, ആവേശകരമായ ഒരു വർഷത്തിനായി തയ്യാറെടുക്കുകയാണ് തമിഴ് സിനിമ. ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് പ്രധാന തമിഴ് സിനിമകൾ ഏതെന്ന് നോക്കാം.
ടെസ്റ്റ്
സ്പോർട്സ്-ഡ്രാമാ വിഭാഗത്തിൽ ഒരുക്കിയ ‘ടെസ്റ്റ്’ വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. നവാഗതനായ എസ്. ശശികാന്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആർ. മാധവൻ, നയൻതാര, സിദ്ധാർത്ഥ്, മീര ജാസ്മിൻ, ലിരിഷ് റാഹവ്, കാളി വെങ്കട്ട്, നാസർ, മോഹൻ രാമൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ദേശീയതല ക്രിക്കറ്റ് താരം, ശാസ്ത്രജ്ഞൻ, അധ്യാപകൻ എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളിലൂടെ ഈ ചിത്രത്തിന്റെ കഥ അവതരിപ്പിക്കുന്നത്. 2025 ഏപ്രിൽ 4ന് പ്രദർശനത്തിനെത്തും.
ബൈസൺ

മാരി സെൽവരാജിന്റെ പുതിയ ചിത്രം ‘ബൈസൺ’, കബഡി കളിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഒരു സ്പോർട്സ്-ഡ്രാമയാണ്. ധ്രുവ് വിക്രം പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ നായികാ വേഷത്തിൽ എത്തുന്നു. പ്രേരണാദായകമായ വിജയത്തിന്റെ കഥ പറയുന്ന ഈ ചിത്രം അപ്ലൌസ് എന്റർടൈൻമെന്റ്-നീലം സ്റ്റുഡിയോസ് സംയുക്തമായി നിർമ്മിക്കുന്നു. ഫസ്റ്റ് ലുക്ക് പുറത്തുവന്ന ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.
ഗുഡ് ബാഡ് അഗ്ലി
അജിത് കുമാർ നായകനാകുന്ന ‘ഗുഡ് ബാഡ് അഗ്ലി’, 2025-ലെ ഏറ്റവും വലിയ ആക്ഷൻ-ത്രില്ലറുകളിലൊന്നായിരിക്കും എന്നാണ് ആരാധക പ്രതീക്ഷ. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ, പ്രഭു, പ്രസന്ന, അർജുൻ ദാസ്, സുനിൽ, രാഹുൽ ദേവ്, യോഗി ബാബു എന്നിവരും അഭിനയിക്കുന്നു. ഏപ്രിൽ 10ന് ചിത്രം റിലീസ് ചെയ്യും.
രാക്കായി
പീരിയഡ് ആക്ഷൻ-ഡ്രാമ വിഭാഗത്തിൽ പെടുന്ന ‘രാക്കായി’ എന്ന സിനിമ നയൻതാരയെ ഒരു ധീരയായ അമ്മയായി അവതരിപ്പിക്കുന്നു. സെന്തിൽ നല്ലസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, മകളുടെ ജീവനെ രക്ഷിക്കാനുള്ള അമ്മയുടെ പോരാട്ടമാണ് കേന്ദ്രപ്രമേയം. പ്രേക്ഷക ശ്രദ്ധ നേടാൻ സാധ്യതയുള്ള ഈ ചിത്രം 2025 ഏപ്രിൽ 14ന് തീയറ്ററുകളിലെത്തും.
റെട്രോ
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘റെട്രോ’ ഒരു ആക്ഷൻ-ഡ്രാമയായിരിക്കും. സൂര്യ, പൂജ ഹെഗ്‌ഡെ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ജയറാം, കരുണാകരൻ, നാസർ, പ്രകാശ് രാജ്, സുജിത് ശങ്കർ എന്നിവരും അഭിനയിക്കുന്നു. 2025 മെയ് 1ന് ചിത്രം പ്രദർശനത്തിനെത്തും.
2025-ൽ ആദ്യ പകുതിയിൽ തമിഴ് സിനിമാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ തയ്യാറെടുക്കുന്ന ഈ ചിത്രങ്ങൾ, മികച്ച സിനിമാ അനുഭവം ഒരുക്കുമെന്നാണ് പ്രതീക്ഷ. ഈ വർഷം രണ്ടാം പകുതിയിലും പ്രതീക്ഷ നല്കുന്ന നിരവധി തമിഴ് ചിത്രങ്ങൾ തിയേറ്റർ റിലീസിനായി തയ്യാറാകുന്നുണ്ട്.