“നന്ദി, സന്തോഷം, അഭിമാനം”; മാളികപ്പുറം 100 കോടി പോസ്റ്റർ പുറത്ത് വിട്ട് ഉണ്ണി മുകുന്ദൻ…

കഴിഞ്ഞ വർഷത്തെ അവസാന റിലീസ് ആയി എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. വിഷ്ണു സായ് ശങ്കർ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 30ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം നിരവധി ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിയെങ്കിലും മാളികപ്പുറം തിയേറ്ററുകളിൽ തുടരുകയായിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ സംബന്ധിച്ച ഒരു അപ്‌ഡേറ്റുമായി എത്തിയിരിക്കുക ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദൻ.
ആഗോളതലത്തിൽ ചിത്രം 100 കോടി നേടി എന്ന പോസ്റ്റർ ആണ് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. പകരം വെക്കാനില്ലാത്ത ചരിത്ര വിജയം എന്ന ക്യാപ്ഷൻ ആണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ഉണ്ണി മുകുന്ദൻ കുറിച്ചത് ഇങ്ങനെ: “നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു.”