in

‘തന്ത വൈബ് ഹൈബ്രിഡ്’; ടൊവിനോ തോമസ് ചിത്രം പ്രഖ്യാപിച്ച് മുഹ്‌സിൻ പരാരി

തന്ത വൈബ് ഹൈബ്രിഡ്’; ടൊവിനോ തോമസ് ചിത്രം പ്രഖ്യാപിച്ച് മുഹ്‌സിൻ പരാരി

സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ കലാകാരൻ മുഹ്‌സിൻ പരാരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം കരിയറിലെ രണ്ടാമത്തെ സംവിധാന സംരംഭവുമായി എത്താന്‍ ഒരുങ്ങുന്ന മുഹ്സിൻ പരാരിയുടെ പുതിയ ചിത്രത്തിൽ ടൊവിനോ തോമസ് ആണ് നായകനായി എത്തുന്നത്. ‘തന്ത വൈബ് ഹൈബ്രിഡ്’ എന്ന രസകരമായ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. നിങ്ങളുടെ ഉള്ളിലെ കുട്ടിക്ക് എത്ര വയസായി എന്നാണ് ചിത്രത്തിന്‍റെ ടൈറ്റിൽ ടാഗ് ലൈന്‍.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോ തോമസിന്റെ കൗതുകരമായ ഒരു പോസ്റ്ററും ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം റിലീസ് ചെയ്തിട്ടുണ്ട്. ജിംഷി ഖാലിദ് കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് വിഷ്ണു വിജയ് ആണ്. ചമന്‍ ചാക്കോ ആണ് ചിത്രത്തിന്റെ എഡിറ്റർ. മഷര്‍ ഹംസ, റോണക്സ് സേവ്യര്‍, ആഷിഖ് എസ്, വിഷ്ണു ഗോവിന്ദ്, ബിനു പപ്പു, സുധര്‍മന്‍ വള്ളിക്കുന്ന് എന്നിങ്ങനെ ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരുടെ പേരും ടൈറ്റില്‍ പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

ഉണ്ണി മുകുന്ദന്‍ നായകനായ കെഎല്‍ 10 പത്ത് ആയിരുന്നു മുഹ്‌സിൻ പരാരിയുടെ ആദ്യ സംവിധാന സംരംഭം. അതിന് ശേഷം അദ്ദേഹം സൂപ്പർ ഹിറ്റായ സുഡാനി ഫ്രം നൈജീരിയ, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്. വൈറസ്, ഹലാല്‍ ലവ് സ്റ്റോറി എന്നിവയുടെ രചനയിലും ഭാഗമായ മുഹ്‌സിൻ പരാരി, ഹലാല്‍ ലവ് സ്റ്റോറി, അയല്‍വാശി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവും തല്ലുമാലയുടെ ക്രിയേറ്റീവ് ഡയറക്ടറും കൂടിയായിരുന്നു.

മലയാളത്തിലെ സൂപ്പർ ഹിറ്റായ ഒട്ടേറെ ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹം ഗാനങ്ങളും രചിച്ചിട്ടുണ്ട്. നസ്രിയ- ബേസില്‍ ജോസഫ് ചിത്രമായ സൂക്ഷ്മദര്ശിനിയിലെ ‘ദുരൂഹമന്ദഹാസമാണ്’ മുഹ്സിന്‍ എഴുതി റിലീസ് ചെയ്ത അവസാന ഗാനം. ഹര്‍ഷദ് സംവിധാനം ചെയ്ത ദായോം പന്ത്രണ്ടും എന്ന ചിത്രത്തിലെ സംഭാഷണങ്ങള്‍ എഴുതിക്കൊണ്ടാണ് മുഹ്‌സിന്‍ പരാരി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

വരവ് അറിയിച്ചോ ഈ വർഷത്തെ ആദ്യ മമ്മൂട്ടി ചിത്രം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്’ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

ജനനായകനായി ആരവം സൃഷ്ടിക്കാൻ ദളപതി; വിജയ് – എച്ച് വിനോദ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും എത്തി