ടൈം ട്രാവൽ ചിത്രം ‘കണം’ മലയാളത്തിലും; ഒടിടിയിൽ ചിത്രം എത്തി…
പ്രേക്ഷകർക്കിടയിൽ സയൻസ് ഫിക്ഷന് ചിത്രങ്ങൾക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ടൈം ട്രാവൽ കോൺസെപ്റ്റ് കൂടി ആണെങ്കിൽ കുറച്ചൂടെ സ്പെഷ്യൽ ആവുകയും ചെയ്യും. ഇത്തരത്തിൽ പ്രേക്ഷകരുടെ സ്പെഷ്യൽ ഇഷ്ടം നേടാൻ ടൈം ട്രാവൽ അടിസ്ഥാനപ്പെടുത്തി ഒരു സയൻസ് ഫിക്ഷൻ ചിത്രം ഒടിടിയിൽ റിലീസ് ആയിരിക്കുക ആണ്. സോണി ലിവ് സ്ട്രീം ചെയ്യുന്ന ‘കണം’ ആണ് ആ ചിത്രം. തെലുങ്കിലും തമിഴിലുമായി ചിത്രീകരിച്ച ചിത്രമാണ് ഇത്. നവാഗതനായ ശ്രീ കാർത്തിക്ക് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം തെലുങ്കിൽ ‘ഒകേ ഒക ജീവിതം’ എന്ന പേരിലും തമിഴിൽ ‘കണം’ എന്ന പേരിലും ആണ് ചിത്രീകരിച്ചത്. സോണി ലിവിൽ മലയാളത്തിലും ചിത്രം ലഭ്യമാണ്. ശർവാനന്ദ് നായകനായ ഈ ചിത്രത്തിൽ 90s ലെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ നായികയായിരുന്നു അമലയും അഭിനയിച്ചിരിക്കുന്നു. ഋതു വർമ്മ, രമേശ് തിലക്, സതീഷ് മുതുകൃഷ്ണൻ, നാസർ തുടങ്ങിയവർ ആണ് ഈ ചിത്രത്തിലെ മറ്റ് താരങ്ങൾ. മികച്ച അഭിപ്രായങ്ങൾ നേടിയ തിയേറ്റർ റിലീസിന് ശേഷമാണ് ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുന്നത്.
1998ലെ ഒരു പരാജയമായി മാറിയ ടൈം മെഷീൻ പരീക്ഷണത്തോടെ തുടങ്ങുന്ന ചിത്രം 2019ലെ കാലഘട്ടത്തിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുന്നു. ശേഷം ആദി, കതിർ, പാണ്ടി എന്നീ മൂന്ന് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെ ചിത്രം മുന്നോട്ട് നീങ്ങുന്നത്. ചെറുപ്പകാലത്ത് തന്നെ അമ്മയെ നഷ്ടപെട്ട ആദിയ്ക്ക് പ്രിയം സംഗീതം ആണ്. എന്നാൽ സഭാകമ്പം കാരണം വിജയത്തിലേക്ക് എത്താൻ അവനു കഴിയുന്നില്ല. ആദിയുടെ കാമുകി അവന്റെ കരിയറിലെ വിജയത്തിന് വേണ്ടി പല അവസരങ്ങളുമായി അവനു മുന്നിൽ എത്തുമ്പോളും ഇത് തന്നെയാണ് സ്ഥിതി. പാണ്ടി ആകട്ടെ പഠിക്കേണ്ട സമയത്ത് പഠിക്കാത്തതിനാൽ തലപര്യമില്ലാതെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയി ജീവിതം മുന്നോട്ട് നീക്കുക ആണ്. മൂന്നാമത്തെ സുഹൃത്തായ കതിരിന്റെ പ്രശ്നം അവന്റെ സങ്കൽപ്പങ്ങൾക്ക് ഒത്ത വധുവിനെ കിട്ടാത്തത് ആണ്. ഇത്തരത്തിൽ ഓരോ പ്രശ്നങ്ങളുമായി ജീവിക്കുന്ന ഈ മൂന്ന് സുഹൃത്തുക്കളുടെ മുന്നിലേക്ക് ആണ് ഡോക്ടർ റിങ്കി കുട്ട പോൾ എന്ന ശാസ്ത്രജ്ഞൻ എത്തുന്നത്. അയാളിൽ നിന്ന് ടൈം മെഷീനിലൂടെ ജീവിതത്തിൽ ഒരു സെക്കൻഡ് ചാൻസ് ഇവർക്ക് ലഭിക്കുന്നു. തുടർന്ന് ഇവർ പഴയ കാലത്തേക്ക് ഇവർ പോകുന്നത് ആണ് ഈ ചിത്രം. ട്രെയിലർ കാണാം: