in

‘തുടരും’ പ്രോമോ ഗാനത്തിന്റെ ചിത്രീകരണം ഇന്നും നാളെയും; ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം ഉടനെ…

‘തുടരും’ പ്രോമോ ഗാനത്തിന്റെ ചിത്രീകരണം ഇന്നും നാളെയും; ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം ഉടനെ…

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ “തുടരും” എന്ന ഫാമിലി എന്റെർറ്റൈനെർ റിലീസിന് ഒരുങ്ങുന്നു. ഇതിനോടകം തന്നെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലർ, ഇതിലെ ഗാനങ്ങൾ എന്നിവ സമൂഹ മാധ്യമങ്ങളിൽ നിന്ന് വലിയ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രോമോ ഗാനവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ പുറത്ത് വന്നിരിക്കുകയാണ്.

ചിത്രത്തിൽ ഇല്ലാത്ത ഒരു അടിപൊളി ഗാനം പ്രൊമോഷന് വേണ്ടി ചിത്രീകരിക്കുമെന്നു ഗായകൻ എം ജി ശ്രീകുമാറും സംഗീത സംവിധായകൻ ജേക്സ് ബിജോയിയും വെളിപ്പെടുത്തിയിരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം അതിന്റെ ചിത്രീകരണം ഇന്നും നാളെയുമായി നടക്കും. ചിത്രീകരണത്തിൽ മോഹൻലാലും ശോഭനയും പങ്കെടുമെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് സംബന്ധിച്ച വിവരങ്ങൾ അടുത്തയാഴ്ച പുറത്ത് വിടുമെന്നും വാർത്തകൾ പറയുന്നു. ഏപ്രിൽ 24/25 തീയതികൾ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ റിലീസിനായി ലക്‌ഷ്യം വെക്കുന്നത് എന്നാണ് സൂചന.

ഇന്ന് ചിത്രീകരിക്കുന്ന ഈ പ്രൊമോ ഗാനം “നരൻ” സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ “വെൽ മുരുകാ ഹരോ ഹരാ”യുടെ അനുഭവം നൽകുമെന്ന് എം ജി ശ്രീകുമാർ മുൻപ് സൂചിപ്പിച്ചിരുന്നു. എന്നാൽ, മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു മുരുക ഭക്തനായതുകൊണ്ടാണ് ഗാനത്തിൽ “മുരുകാ” എന്ന വാക്ക് കടന്നുവരുന്നത് എന്നും, ഈ സാമ്യത യാദൃശ്ചികം മാത്രമാണെന്നും, രണ്ട് ഗാനങ്ങളും തമ്മിൽ താരതമ്യം ചെയ്യേണ്ടതില്ലെന്നും ജേക്സ് ബിജോയ് പിന്നീട് വ്യക്തമാക്കുകയുണ്ടായി.

മോഹൻലാൽ പത്തനംതിട്ട റാന്നി സ്വദേശിയായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ഒരിടവേളക്ക് ശേഷം ശോഭന നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഫർഹാൻ ഫാസിൽ, ബിനു പപ്പു, മണിയൻ പിള്ള രാജു, ഇർഷാദ്, തോമസ് മാത്യു, അബിൻ ബിനോ തുടങ്ങി ഒരു മികച്ച താരനിര തന്നെ വേഷമിടുന്നുണ്ട്. തരുൺ മൂർത്തി, കെ ആർ സുനിൽ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം ഓപ്പറേഷൻ ജാവ, ദേശീയ പുരസ്‍കാരം നേടിയ സൗദി വെള്ളക്ക എന്നിവക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമാണ്.

സെൻസറിങ് പൂർത്തിയായപ്പോൾ യു എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം രണ്ട് മണിക്കൂർ 46 മിനിറ്റ് ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രജപുത്ര രഞ്ജിത് നിർമ്മിച്ച ചിത്രം ആശീർവാദ് റിലീസ് ആണ് വിതരണം ചെയ്യുക. ഛായാഗ്രഹണം- ഷാജി കുമാർ, എഡിറ്റിംഗ്- ഷഫീഖ് വി ബി, നിഷാദ് യൂസഫ്.

ഏത് പ്രതിബന്ധങ്ങളെ അതിജീവിച്ചിട്ടായാലും ഒറ്റക്കൊമ്പൻ വരും; വിഷുവിന് ശേഷം ചിത്രീകരണം പുനരാരംഭിക്കുമെന്ന് ഗോകുലം ഗോപാലൻ

“ട്രാക്ക് അമ്പാടെ മാറ്റി, ഇത് ധ്യാൻ 2.0”; കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ പുറത്ത്…